ഒടുവിൽ തീരുമാനം; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രം തത്കാലം പൂട്ടി


1 min read
Read later
Print
Share

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ

മലപ്പുറം: ഇടതു സാസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെത്തുടർന്ന് വിവാദമായ കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രം പൂട്ടി. കളക്ടർ നിശ്ചയിക്കുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി കേന്ദ്രത്തിന്റെ ഭാവി.

കളക്ടറേറ്റിൽ ജില്ലാ വികസനസമിതിക്കുശേഷം കളക്ടറുടെ നേതൃത്വത്തിൽച്ചേർന്ന പ്രത്യേക യോഗത്തിലാണ് കേന്ദ്രം അടച്ചിടാൻ തീരുമാനിച്ചത്. യോഗത്തിൽ പ്രത്യേക അജൻഡയായി വിഷയം കൈകാര്യം ചെയ്തു. മറ്റു അജൻഡകൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമരസമിതി പ്രവർത്തകരും പ്രത്യേക യോഗത്തിൽ പങ്കെടുത്തു.

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം പരിസരവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കാര്യമായ ഇടപെടലുണ്ടായില്ല. മനംനൊന്ത് റസാഖ്, പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. തുടർന്ന് കേന്ദ്രം പൂട്ടണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. പ്രതിഷേധവുമുണ്ടായി. പ്രതിപക്ഷപാർട്ടികളും കഴിഞ്ഞദിവസം സി.പി.എമ്മും കേന്ദ്രത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.

വിദഗ്ധസമിതി വരും

ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെയും സമരസമിതി അംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് എല്ലാം പരിശോധിച്ചശേഷം മാത്രം കേന്ദ്രം പ്രവർത്തിച്ചാൽ മതിയെന്ന് യോഗം തീരുമാനിച്ചത്. അതുവരെ പൂട്ടിയിടണം. പരിശോധനയ്ക്കായുള്ള വിദഗ്ധസമിതിയെ കളക്ടർ വി.ആർ. പ്രേംകുമാർ തീരുമാനിക്കും. നിയമപരമായാണോ കേന്ദ്രം പ്രവർത്തിച്ചത്, അനുമതി ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും.

നേരത്തെ അനുമതി പിൻവലിച്ച സ്ഥാപനം പിന്നീട് ഇൻഡസ്ട്രിയൽ ബോർഡിന്റെ അനുമതിയോടെയാണ് പ്രവർത്തിച്ചതെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. മാധ്യമങ്ങളോടു പറഞ്ഞു. റസാഖിന്റെ ആത്മഹത്യക്കുശേഷം മേയ് 29-ന് കേന്ദ്രം പ്രവർത്തിക്കാൻ തൊഴിലാളികൾ എത്തിയപ്പോൾ യു.ഡി.എഫ്. പ്രവർത്തകരും നാട്ടുകാരും തടഞ്ഞിരുന്നു. പിന്നീട് തുറന്നിട്ടില്ല.

ആദ്യയോഗം അടുത്തയാഴ്ച

കളക്ടർ നിശ്ചയിക്കുന്ന വിദഗ്‌ധസമിതി ആദ്യയോഗം അടുത്തയാഴ്ച ചേരും. ജില്ലാ വ്യവസായകേന്ദ്രം മാനേജർ, മലിനീകരണ നിയന്ത്രണ ബോർഡിലെ വിദഗ്‌ധൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാകും. കേന്ദ്രം സന്ദർശിക്കുന്ന തീയതി യോഗത്തിൽ തീരുമാനിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..