തിരുവനന്തപുരം: കേരളത്തിന്റെ തനത് ഉത്‌പന്നങ്ങൾക്ക് ‘കേരളബ്രാൻഡ്’ സർട്ടിഫിക്കറ്റും ട്രേഡ് മാർക്കും നൽകി പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചു. മികച്ച ഗുണനിലവാരം, ബാലവേലയില്ലാതെയും സ്ത്രീകൾക്ക് ജോലിപങ്കാളിത്തം ഉറപ്പാക്കിയുമുള്ള നൈതികമായ നിർമാണരീതി, ഹരിത-പുനരുപയോഗ ഊർജം ഉപയോഗിക്കുന്നത് അടക്കമുള്ള ഉത്തരവാദിത്വ വ്യവസായരീതി എന്നിവയെല്ലാം ഉറപ്പാക്കിയ ശേഷമായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റ് ലഭിച്ച ഉത്‌പന്നങ്ങൾമാത്രമായിരിക്കും ഇനി ‘മെയ്ഡ് ഇൻ കേരള’ എന്ന പേരിൽ ആഭ്യന്തര-വിദേശ വിപണിയിലടക്കം പുറത്തിറക്കാനാകുക.
ട്രേഡ് മാർക്ക് നിയമം അനുസരിച്ചുള്ള ലോഗോ ഉത്‌പന്നങ്ങൾക്ക് നൽകും. സർട്ടിഫിക്കറ്റ് ലഭിക്കാതെ മെയ്ഡ് ഇൻ കേരള എന്ന് ഉപയോഗിച്ചാൽ നടപടിയുണ്ടാകും. ഓരോ ഉത്‌പന്നത്തിനുമുള്ള വിപണിയിലെ ഉയർന്ന നിലവാരമാനദണ്ഡം അനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. വിപണിയിൽ അത്തരം മാനദണ്ഡങ്ങളില്ലാത്ത ഉത്‌പന്നങ്ങളാണെങ്കിൽ, നിലവാരം നിശ്ചയിക്കാൻ സംസ്ഥാനതലത്തിൽ പ്രത്യേക സമിതിക്ക് രൂപംനൽകി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒമ്പതംഗവിദഗ്ധരാണ് ഈ സമിതിയിലുള്ളത്.
സർക്കാർ അംഗീകരിച്ച മാർഗരേഖ അനുസരിച്ച് 10 ഘടകങ്ങളാണ് സർട്ടിഫിക്കറ്റിന് പരിഗണിക്കുക.
മികച്ച ഗുണനിലവാരമുള്ള തനത് ഉത്‌പന്നങ്ങൾ എന്ന രീതിയിൽ എല്ലാ ഇ-മാർക്കറ്റ് മേഖലയിലും മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർക്കാർതന്നെ പ്രചരിപ്പിക്കും. സംരംഭങ്ങൾക്ക് ഉത്‌പന്നങ്ങളുടെ ഗുണമേന്മ കൂട്ടാനുള്ള സൗകര്യമൊരുക്കുന്നതിന് സർക്കാർ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ചെയർമാനായ അഞ്ചംഗസമിതിയാണ് കേരളബ്രാൻഡ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പരിശോധിക്കുക. രണ്ടുവർഷത്തേക്കാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..