തിരുവനന്തപുരം: പ്രിയതമന്റെ പ്രതിമ കണ്ടപ്പോൾ ഒരായിരം ഓർമകളിൽ നനയുകയായിരുന്നു വിനോദിനി ബാലകൃഷ്ണൻ. നിറചിരിയോടെ കോടിയേരിയും കണ്ണീരിൽ കുതിർന്ന് വാക്കുകൾമുറിഞ്ഞ് വിനോദിനിയും അച്ഛന്റെ ഓർമകൾക്ക് മുന്നിൽ വാക്കുകൾ പതറി ബിനീഷും.
സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മെഴുകുപ്രതിമ മരുതംകുഴിയിലെ കോടിയേരി ഹൗസിൽ അനാച്ഛാദനം ചെയ്യുമ്പോഴായിരുന്നു വൈകാരികരംഗങ്ങൾ.
42 വർഷം ചേർത്തുപിടിച്ച ‘കൈകളെ’ മുറുകെപ്പിടിച്ച് വിനോദിനി ബാലകൃഷ്ണൻ പൊട്ടിക്കരഞ്ഞു. വീണ്ടും മുത്തശ്ശനെ നേരിൽക്കണ്ട ആശ്ചര്യത്തിലായിരുന്നു പേരക്കുട്ടികളായ ഭദ്ര, കാർത്തിക്, വിനായക്, ഭാവ്‌നി എന്നിവർ. ബിനീഷിന്റെ ഭാര്യ റിനീറ്റയും ചടങ്ങിലുണ്ടായിരുന്നു. ശില്പി സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്.
കോടിയേരിയുടെ മെഴുകുപ്രതിമ നിർമിക്കണമെന്ന ആഗ്രഹം സുനിൽ നേരത്തേ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ, പിന്നീടാകട്ടെയെന്നായിരുന്നു അന്ന് കോടിയേരിയുടെ മറുപടി. പ്രതിമാനിർമാണത്തിനായി അളവെടുക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ ഷൂസിന്റെയും അളവനുസരിച്ചായിരുന്നു നിർമാണം. അഞ്ചടി ആറിഞ്ച് ഉയരവും 60 കിലോഗ്രാം ഭാരവുമാണ് പ്രതിമയ്ക്ക്. ആറുമാസത്തോളമെടുത്ത് നിർമിച്ച പ്രതിമ തിരുവനന്തപുരത്തുള്ള സുനിൽ വാക്സ് മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..