ഇടവപ്പാതിയിലും മഴയില്ല; വരണ്ട്‌, വെന്ത്‌ മടിക്കൈ


1 min read
Read later
Print
Share

10 കോടി രൂപയുടെ നഷ്ടമെന്ന് പഞ്ചായത്ത്

മടിക്കൈ (കാഞ്ഞങ്ങാട്): തെങ്ങോല മുതൽ തൊടിയിലെ ചെടി വരെ എല്ലാം കരിഞ്ഞുണങ്ങിയ കാഴ്ച. തേങ്ങയും അടക്കയും കുരുമുളകുമെല്ലാം പാതി വിളഞ്ഞിടത്ത്‌ കരിഞ്ഞു. പുഴയും കിണറുമെല്ലാം വറ്റിവരണ്ടു. കുടിവെള്ളംപോലും കിട്ടാത്ത ദുരവസ്ഥ. കാസർകോട് ജില്ലയിലെ കർഷകഗ്രാമമായ മടിക്കൈയിലാണ് ഈ വെന്തുരുകൽ.

പ്രാഥമിക കണക്കനുസരിച്ച് 10 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത പറഞ്ഞു. വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിലും വ്യക്തമാക്കി. ഇത്രയധികം രൂക്ഷമായ വരൾച്ച ഓർമയിൽ ആദ്യമെന്ന് 81 വയസ്സുള്ള കർഷകൻ കീക്കാംകോട്ടെ കെ.അച്യുതൻ പറയുന്നു.

565 ഹെക്ടറിലായി 70,000 തെങ്ങുകളുണ്ടിവിടെ. ഇതിൽ 40,000-ഉം കരിഞ്ഞുണങ്ങിയതായാണ് കൃഷിവകുപ്പിന്റെ കണക്ക്. ഓരോ പ്രദേശത്തെയും തെങ്ങിൻതോപ്പുകളിൽ തെങ്ങോലകൾ ഉണങ്ങി വീണു. കരിക്കും തേങ്ങയുമെല്ലാം കുലയോടെ ഉണങ്ങിവീഴുന്നു. നെഞ്ചുപൊട്ടി ഇതെല്ലാം പെറുക്കിക്കൂട്ടുകയാണ് കേരകർഷകർ. പ്രതിവർഷം 49 ലക്ഷം തേങ്ങ ഉത്പാദനം നടക്കുന്നയിടമെന്നാണ് കൃഷിവകുപ്പിന്റെ കണക്കിലുള്ളത്. ഉണങ്ങിയ തേങ്ങകളുടെ കണക്ക് എത്രയെന്ന്‌ കണക്കെടുക്കുന്നതേയുള്ളൂ.

100 ഹെക്ടറിലായി 80,000 കവുങ്ങുണ്ട്. ഇതിൽ പാതിയും കരിഞ്ഞു. കൊടുംചൂടിൽ കവുങ്ങിന്റെ തലയുണങ്ങി പൊട്ടിവീണു. വളർച്ചയില്ലാത്ത അടക്കകൾ കവുങ്ങിൻ തോട്ടങ്ങളിൽ വീണുകിടപ്പുണ്ട്. വടക്കേ മലബാറിലെ ഏറ്റവും വലിയ നേന്ത്രവാഴ ഉത്പാദനകേന്ദ്രമെന്ന് വിശേഷണമുള്ള ഇവിടത്തെ തോട്ടങ്ങളിൽ പലതിലും കുലച്ച വാഴകൾ ഉണങ്ങിയ അവസ്ഥയിലാണ്. വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വരെ നേന്ത്രക്കായ കയറ്റിയയച്ച് പ്രതിവർഷം 12 കോടി രൂപയിലേറെ സമ്പാദിക്കുന്ന ഗ്രാമമാണിത്. ഇത്തവണ എല്ലാ പ്രതീക്ഷയും ഇല്ലാതായെന്ന് കർഷകർ പറയുന്നു. വീട്ടുവളപ്പിലെയും തോട്ടങ്ങളിലെയും കുരുമുളക് വള്ളിപ്പടർപ്പുകൾ ഒന്നുപോലും ബാക്കിയാകാത്തവിധം ഉണങ്ങി. നെൽപ്പാടങ്ങൾ ഉണങ്ങിവരണ്ടതിനാൽ ഒന്നാംവിള കൃഷി ഉപേക്ഷിച്ചു. വേനൽമഴ തീരെ കിട്ടിയില്ല. ഇടവപ്പാതിയിലും കത്തിപ്പടർന്ന ചൂട്. ഇനിയും മഴപെയ്തില്ലെങ്കിൽ ബാക്കിയുള്ള കൃഷികൂടി കരിഞ്ഞുണങ്ങുമല്ലോയെന്ന് പറഞ്ഞ് വിലപിക്കുകയാണ് കർഷകർ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..