ഈറ്റ് റൈറ്റ് മൊബൈൽ ആപ്പിൽ ഇടംനേടിയത് 1600 ഹോട്ടലുകൾമാത്രം


1 min read
Read later
Print
Share

കൊല്ലം: ഭക്ഷ്യസുരക്ഷാവകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ ഈറ്റ് റൈറ്റ് ആപ്പിൽ ഇടംനേടിയത് സംസ്ഥാനത്തെ 1600 ഹോട്ടലുകൾമാത്രം. ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള അമ്പതിനായിരത്തിലധികം ഹോട്ടലുകളാണ് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നത്. പാതയോരങ്ങളിലുംമറ്റുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തട്ടുകടകളുമുണ്ട്.

കുടിവെള്ള-പരിസര ശുചിത്വം, ആഹാരം പാകം ചെയ്യുന്ന വ്യക്തികളുടെ ശുചിത്വം, വൃത്തിയുള്ള സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കലും കൈകാര്യം ചെയ്യലും, താത്കാലിക-സ്ഥിരം ജീവനക്കാർക്ക് ഹെൽത്ത് കാർഡ്, കീടാണുനിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ വിവിധതലങ്ങളിലുള്ള ഓഡിറ്റിങ്ങിലൂടെ ഉറപ്പുവരുത്തിയശേഷമാണ് ഹോട്ടലുകളെയും ബേക്കറികളെയും ജ്യൂസ് കടകളെയും ഈറ്റ് റൈറ്റ് മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ്, ലീഗൽ മെട്രോളജി വകുപ്പിന്റെ സർട്ടിഫിക്കറ്റ്, പരാതികൾ രേഖപ്പെടുത്താനുള്ള രജിസ്റ്റർ, ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിയതിന്റെ രേഖകൾ തുടങ്ങിയവയും കണക്കിലെടുക്കുന്നു. 51 തരം പരിശോധനകൾ ഇതിനായി നടത്തുന്നുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഹോട്ടലുകളുടെ ലൊക്കേഷൻ കണ്ടെത്തി, എളുപ്പത്തിൽ അവിടങ്ങളിലേക്കെത്താം. ഭക്ഷണത്തെപ്പറ്റിയോ ശുചിത്വത്തെപ്പറ്റിയോ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് ആപ്പ് വഴി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാനുമാകും. ഭക്ഷ്യസുരക്ഷാ നിയമങ്ങളെപ്പറ്റിയുള്ള അറിവുകളും ആപ്പിലൂടെ നേടാൻ കഴിയും. കൂടൂതൽ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ ഓഡിറ്റിങ് നടത്തി, അവയെക്കൂടി ആപ്പിൽ ഉൾപ്പെടുത്താനാണ് വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. ആപ്പ് ഉപയോഗിച്ച് നല്ലഭക്ഷണം ലഭിക്കുന്ന സ്ഥാപനങ്ങൾ ജനങ്ങൾ കണ്ടെത്താൻ തുടങ്ങുന്നതോടെ മറ്റ് ഹോട്ടലുകളും ഈറ്റ് റൈറ്റ് ആപ്പിലേക്ക് ഉൾപ്പെടാൻ ശ്രമം തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളിൽ സങ്കീർണതകളുണ്ടെന്നാണ് ഹോട്ടലുടമകളുടെ പരാതി.

കൃത്യമായ ബോധവത്കരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ഹോട്ടലുടമകൾക്ക് ബോധവത്കരണം നടത്തിയാൽ ഈറ്റ് റൈറ്റ് ആപ്പിൽ എത്താൻ കൂടുതൽ ഹോട്ടലുകൾ താത്പര്യം കാട്ടുമെന്ന് കേരള ഹോട്ടൽ ആൻഡ് െറസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ പറയുന്നു. നല്ലഭക്ഷണം നൽകുന്ന സ്ഥാപനങ്ങളെ ഉയർത്തിക്കാട്ടുന്നത് നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..