തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്.എഫ്.ഐ. നേതാവ് ആൾമാറാട്ടം നടത്തിയ കേസിലെ പോലീസ് അന്വേഷണം നിലച്ചു. യൂണിയൻ കൗൺസിലറായി കോളേജിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്കുപകരം എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയായ വിശാഖിന്റെ പേര് എഴുതിച്ചേർത്ത് സർവകലാശാലയ്ക്ക് അയച്ചതാണ് സംഭവം.
കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തെങ്കിലും തുടരന്വേഷണം നടക്കുന്നില്ല. കേസെടുത്ത് 15 ദിവസം പിന്നിട്ടിട്ടും പ്രതികളായ മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെയും വിശാഖിനെയും ചോദ്യംചെയ്യാൻപോലും പോലീസ് ശ്രമിച്ചിട്ടില്ല. ഷൈജു മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി തള്ളി.
ഇതുവരെയായി അനഘയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ രേഖകൾ ശേഖരിച്ചശേഷം മാത്രമേ അറസ്റ്റടക്കമുള്ള നടപടികൾ ഉണ്ടാകൂവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് പോലീസിന്റെ സ്ഥിരം മറുപടി. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പാർട്ടി ഇടപെടലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന് ആരോപമുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സമയം നൽകുകയാണ് അന്വേഷണം വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. സർവകലാശാല യൂണിയൻ സ്ഥാനാർഥിയായി മത്സരിക്കുന്നതിനാണ് ആൾമാറാട്ടം നടത്തി വിശാഖിന്റെ പേര് സർവകലാശാലയ്ക്ക് അയച്ചതെന്നായിരുന്നു പരാതി.
വിശാഖിന് മാത്രമല്ല എസ്.എഫ്.ഐ. നേതൃത്വത്തിനും ജനപ്രതിനിധികളടക്കമുള്ള പാർട്ടി നേതാക്കൾക്കും ഈ ആൾമാറാട്ടത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് രണ്ട് എം.എൽ.എ.മാരുടെ ആവശ്യപ്രകാരം സി.പി.എം. ജില്ലാകമ്മിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..