കൊച്ചി: എസ്.എഫ്.ഐ. മുൻപ്രവർത്തകയും കാസർകോട് സ്വദേശിനിയുമായ കെ. വിദ്യ ഗസ്റ്റ് ലക്ചററാകാൻ ഹാജരാക്കിയ വ്യാജന്റെ ഒറിജിനൽ എവിടെ...? വിദ്യ ജോലിചെയ്ത രണ്ടു കോളേജിലും വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് നൽകിയത്. പ്രതിയുടെ പക്കലുള്ള അസ്സൽ സർട്ടിഫിക്കറ്റ് കണ്ടെത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമങ്ങൾ പോലീസിൽനിന്നുണ്ടായില്ല.
സീൽ, എംബ്ലം, ഒപ്പ് എന്നിവ വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച് കോടതിക്കുമുന്നിൽ രേഖനൽകണം. ഒറിജിനൽ ഇല്ലെങ്കിൽ കേസ് കോടതിയിൽ നിലനിൽക്കില്ല. തെളിവ് നശിപ്പിക്കാൻ ആവശ്യത്തിലേറെ സമയം പോലീസ് നൽകിയെന്നാണ് ആരോപണം. വ്യാജരേഖ ചമയ്ക്കൽ ജാമ്യമില്ലാ കുറ്റമാണ്. ആ ഗൗരവത്തിൽ അന്വേഷണം മുന്നോട്ടുപോകാനുള്ള നിർദേശം പോലീസിന്റെ ഉന്നതതലത്തിൽനിന്ന് ഉണ്ടായിട്ടില്ല.
വ്യാജരേഖയാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പരാതിനൽകിയ ദിവസംതന്നെ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യേണ്ടതായിരുന്നു. അതും ഉണ്ടായില്ല. കുറ്റകൃത്യം നടന്നത് അഗളി സ്‌റ്റേഷൻ പരിധിയിലാണെന്നതിനാൽ അവിടേക്ക് കേസ് മാറ്റുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും പോലീസിന് ഇതുവരെ അനുമതിലഭിച്ചിട്ടില്ല.
ഏഴുവർഷംവരെ തടവുലഭിക്കാം
മഹാരാജാസ് കോളേജിന്റെ പരാതിയിൽ കേസെടുത്ത എറണാകുളം സെൻട്രൽ പോലീസ് ഇന്ത്യൻ ശിക്ഷാനിയമം 465, 468, 471 എന്നീ വകുപ്പുകളാണ് വിദ്യയുടെ പേരിൽ ചുമത്തിയത്. വ്യാജരേഖചമയ്ക്കൽ, വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ഹാജരാക്കൽ തുടങ്ങിയ കുറ്റങ്ങളാണിത്. ഏഴുവർഷംവരെ തടവുലഭിക്കാവുന്നതാണ് ഈ വകുപ്പുകൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..