കൊച്ചി: ഓക്‌സിജൻ മാസ്കോ മറ്റ് സഹായ ഉപകരണങ്ങളോ ഇല്ലാതെയാണ് സൈനികനായ മുഹ്‌സിൻ 5644 മീറ്റർ ഉയരമുള്ള ഐലൻഡ് കൊടുമുടിയും 6165 മീറ്റർ ഉയരമുള്ള മേറ കൊടുമുടിയും 5364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പും കയറിയത്. ലഡാക്കിൽ രാഷ്ട്രീയ റൈഫിൾസ് സ്പെഷ്യൽ കമാൻഡോ ഗ്രൂപ്പിൽ ഡെപ്യൂട്ടേഷനിലാണ് ആലുവ ചാലക്കൽ സ്വദേശി മുഹ്‌സിൻ. എവറസ്റ്റ് ബേസ് ക്യാമ്പിൽ മുഹ്‌സിൻ ഇരുപത്തിരണ്ട് മണിക്കൂറുകൊണ്ട് കയറിയത് റെക്കോഡാണ്. സേവ് ലക്ഷദ്വീപ് ഹാഷ് ടാഗോടെയായിരുന്നു ഈ പരവതാരോഹണം. 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ 29-കാരൻ.
എവറസ്റ്റ് കയറാൻ ആരോഗ്യവും മനസ്സാന്നിധ്യവും മാത്രം പോരാ. 35 ലക്ഷത്തോളം രൂപ ചെലവുണ്ട്. നേപ്പാൾ സർക്കാരിന്റെ അനുമതി വേണം. 15 ലക്ഷം നികുതിയടയ്ക്കണം. സഹായിയായി വരുന്ന ഷെർപ്പയ്ക്ക് നൽകണം 10 ലക്ഷം. എന്നാൽ, മുഹ്‌സിൻ ഷെർപ്പയുടെ സഹായം തേടുന്നില്ല. എവറസ്റ്റ് ബേസ് ക്യാമ്പിൽ ഒരു ലിറ്റർ ചൂടുവെള്ളത്തിന് 1200 രൂപയാകും. ഹെലികോപ്റ്ററിലോ തലച്ചുമടായോ ആണ് വെള്ളം ഇവിടെ എത്തിക്കുന്നത്.
’പർവതാരോഹണത്തിന്റെ കാര്യത്തിൽ ഒന്നുകിൽ ജയം അല്ലെങ്കിൽ മരണം; അതേയുള്ളൂ’ - മുഹ്‌സിൻ പറയുന്നു. കഴിഞ്ഞ വർഷം എവറസ്റ്റ് കയറാൻ മുഹ്‌സിനെ തിരഞ്ഞെടുത്തിരുന്നു. പക്ഷേ, സ്‌പോൺസർമാരെ കിട്ടാത്തതിനാൽ നടന്നില്ല. ഇതുവരെ രണ്ട് മലയാളികളാണ് എവറസ്റ്റ് കീഴടക്കിയിട്ടുള്ളത്.
ഓക്‌സിജൻ കുറവുള്ള, സമുദ്രനിരപ്പിൽനിന്ന് വളരെയേറെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാലുവർഷമായി മുഹ്‌സിന്റെ ജോലി. പതിനാല് കിലോ ഭാരം വഹിച്ചാണ് കയറ്റം. സൈന്യത്തിലെ ചിട്ടയായ പരിശീലനമാണ് ഓക്‌സിജൻ കുറവുള്ള ഇടങ്ങളിൽ അതിജീവിക്കാനുള്ള കരുത്തായത്. മഞ്ഞുമൂടിയ മലകളിലൂടെയുള്ള സഞ്ചാരത്തിൽ അപകടങ്ങൾ പല രീതിയിൽ വരാം. കാലെടുത്തുവെക്കുന്നത് മരണക്കുഴിയിലേക്കാവാം. തീവ്രതയേറിയ സൂര്യപ്രകാശം മഞ്ഞിൽ പ്രതിഫലിച്ച് കണ്ണിലേയ്ക്കടിച്ചാൽ കാഴ്ച നഷ്ടപ്പെടും. കാഴ്ച നഷ്ടപ്പെട്ട് കൊടുമുടികളിൽ ജീവൻ നഷ്ടപ്പെട്ട സാഹസികർ നിരവധി. ഇത് പ്രതിരോധിക്കാൻ കൂടിയാണ് പർവതാരോഹകർ പ്രത്യേക ഗ്ലാസ് ധരിക്കുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കണ്ടെയ്‌നറുകളിലാക്കി കൊണ്ടുപോവും. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചാൽ അവ തിരിച്ച് താഴെയെത്തിക്കണം. അവിടെ ഉപേക്ഷിക്കാനാവില്ല. മഞ്ഞിൽ തെന്നിവീഴാതിരിക്കാനുള്ള പാദകവചം, കോടാലി തുടങ്ങിയവ കരുതും. സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പർവതാരോഹണ പരിശീലനം നേടിയിട്ടുണ്ട്. അവധിദിവസങ്ങളിലാണ് മുഹ്‌സിന്റെ സാഹസിക യാത്രകൾ. ആലുവ വടക്കനേത്തിൽ അലിയുടെയും പരേതയായ സുഹറയുടെയും മകനാണ്. മുഹ്‌സിനയും മുർഷിദയും സഹോദരങ്ങൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..