കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രി നിലവിൽവന്നു. ജൂലായ് 31 വരെ 52 ദിവസത്തേക്ക് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ അനുമതിയില്ല. ഈ കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ.
സംസ്ഥാനത്ത് 3,700-നടുത്ത് യന്ത്രവത്കൃത യാനങ്ങളാണ് കടലിൽ പോകുന്നതെന്നാണ് കണക്ക്. കൊല്ലം ജില്ലയിൽ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ. കൊല്ലത്ത് ബോട്ടുകളെല്ലാം അഷ്ടമുടിക്കായലിലേക്ക് മാറ്റി. തീരമേഖലകളിൽ നിരോധനംസംബന്ധിച്ച് പ്രത്യേക അറിയിപ്പുണ്ടായിരുന്നു. രാത്രി നീണ്ടകര പാലത്തിന്റെ സ്പാനുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു. ഇതിനു മുന്നോടിയായി കടലിൽ ബോട്ടുകളില്ലെന്ന് ഉറപ്പുവരുത്താൻ മറൈൻ എൻഫോഴ്സ്‌മെന്റിന്റെയും കോസ്റ്റൽ പോലീസിന്റെയും പരിശോധനകൾ നടന്നു.
കടലിൽ പോയിരുന്ന യന്ത്രവത്കൃത ബോട്ടുകളെല്ലാം വെള്ളിയാഴ്ചയോടെ മടങ്ങിയെത്തി. തീരദേശ ജില്ലകളിലെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഹാർബറിലെ ഡീസൽ ബങ്കുകളും അടച്ചിടും. ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെയുള്ള മത്സ്യബന്ധനയാനങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഇന്ധന പമ്പുകൾ ഉപയോഗിക്കാം. ജൂലായ് 28 വരെ കാനുകൾ, ബോട്ടിലുകൾ എന്നിവയിൽ ഇന്ധനം നൽകുന്നതിനും വിലക്കുണ്ട്. നിരോധനകാലയളവിലെ അവസാന മൂന്നു ദിവസത്തെ ഇന്ധന നിരോധനം ഒഴിവാക്കി.
ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരെയും നിയന്ത്രണങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..