കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രതികരണം ശക്തമായിരുന്നുവെന്ന് അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വിഷയത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ, ശക്തമായ പ്രതികരണം ഉണ്ടായില്ലെന്ന് മുതിർന്ന നേതാവ് കെ.സി. ജോസഫ് കഴിഞ്ഞദിവസം ആക്ഷേപിച്ചിരുന്നു. ജോസഫിന്റെ പേര് പരാമർശിക്കാതെയായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
സോളാർ വിഷയത്തിൽ പ്രതിപക്ഷനേതാവ് നിയമസഭയിൽ നടത്തിയ പ്രസംഗം അതിശക്തമായിരുന്നു. കെ.പി.സി.സി. അധ്യക്ഷനും നല്ലരീതിയിൽ പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസ് ഒന്നായി ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുകയാണ്. വ്യത്യസ്ഥമായ അഭിപ്രായം പാർട്ടിയിൽ വന്നിട്ടില്ല. ഇതിലും വല്യ ഐക്യദാർഢ്യം എന്താണ് വേണ്ടത്. ഗ്രൂപ്പ് തർക്കങ്ങൾ എന്തായാലും ഉമ്മൻചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. സുഖമില്ലാതെ ഇരിക്കുന്ന അദ്ദേഹത്തെ വിവാദനായകനായി മാറ്റരുത്. അങ്ങനെ ചെയ്യുന്നത് വലിയ അപരാധമാണ്.
ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി വന്നില്ലെന്ന് തനിക്കെതിരേ ആക്ഷേപമുന്നയിക്കുമ്പോൾ നോക്കേണ്ടത് സോളാർ കമ്മിഷൻ റിപ്പോർട്ടാണ്. കമ്മിഷൻ കുറ്റം ആരോപിച്ച അഞ്ചുപേരിൽ ഒരാൾ താനാണ്. ഉമ്മൻചാണ്ടിയെ അവിഹിതമായി രക്ഷിക്കാൻ ശ്രമിച്ചതിനാൽ അന്നത്തെ ആഭ്യന്തരമന്ത്രിക്കെതിരേ നടപടി വേണമെന്നാണ് കമ്മിഷൻ പറഞ്ഞത്. ഇപ്പോൾ ആക്ഷേപമുന്നയിക്കുന്ന ആരുടെയും പേര് റിപ്പോർട്ടിലില്ല.
കമ്മിഷനായി ശിവരാജനെ വെച്ചതിൽ തനിക്ക് പങ്കില്ല. താൻ മറ്റൊരാളെ കണ്ടുവെച്ച് സംസാരിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഉമ്മൻചാണ്ടിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് തുടർച്ചയായി പദവികൾ വഹിച്ചതിനാൽ ശിവരാജനെ ഒഴിവാക്കണം എന്നായിരുന്നു തന്റെ അഭിപ്രായം. പക്ഷേ, ശിവരാജനെ നിയമിക്കണമെന്നാണ് മന്ത്രിസഭ തീരുമാനിച്ചത് എന്നതിനാൽ താൻ അതിനൊപ്പംനിന്നു.
ടെനി ജോപ്പനെ അറസ്റ്റുചെയ്തതിൽ തനിക്ക് മാനസിക ക്ഷോഭമുണ്ടായിരുന്നു. തന്നെ ഈ വിവരം പോലീസ് അറിയിച്ചില്ല. ഹേമചന്ദ്രൻ അന്വേഷണച്ചുമതല ഒഴിയാൻ സന്നദ്ധത അറിയിച്ചു. അദ്ദേഹത്തെ മാറ്റിയിരുന്നുവെങ്കിൽ, ബോധപൂർവമായ നടപടിയാണെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും കുറ്റപ്പെടുത്തുമായിരുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..