പി.എം. വിശ്വകർമ പദ്ധതി ഉദ്ഘാടനം: മന്ത്രി വിട്ടുനിന്നു


1 min read
Read later
Print
Share

പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: രാജ്യത്തെ പരമ്പരാഗത കലാകാരന്മാർ, ശില്പികൾ, കരകൗശലവിദഗ്ധർ എന്നിവരുടെ ഉന്നമനത്തിനുള്ള കേന്ദ്ര പദ്ധതിയായ പി.എം. വിശ്വകർമയുടെ ആരംഭത്തിനു സാക്ഷ്യം വഹിച്ച് കൊച്ചിയും. ഡൽഹിയിലെ ഉദ്ഘാടന സമയത്തു വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ചടങ്ങ് നടന്നു. ഓൺലൈനായി ഉദ്ഘാടനം പ്രദർശിപ്പിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു യോഗങ്ങൾ.

കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ഷണക്കത്തിൽ പറഞ്ഞിരുന്ന വ്യവസായമന്ത്രി പി. രാജീവ് പരിപാടിയിൽനിന്ന് വിട്ടുനിന്നു. പരിപാടിയിൽ പ്രോട്ടാക്കോൾ ലംഘനം നടന്നെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രിയും എം.എൽ.എ.മാരും ജില്ലാ കളക്ടറും പങ്കെടുക്കാത്തതിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി വിശദീകരണം നൽകിയത്. കയർ ബോർഡ് ചെയർമാൻ മുഖ്യാതിഥിയായ ചടങ്ങിൽ മന്ത്രിയുടെ സാന്നിദ്ധ്യം എന്നാണ് പറയുന്നതെന്ന് രാജീവ് പറഞ്ഞു. ഇത് ശരിയല്ല. പരിപാടിയുടെ തലേന്നാണ് ക്ഷണിച്ചത്. എം.എൽ.എ.മാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരാരും ചടങ്ങിന് എത്തിയില്ല.

എന്നാൽ, പദ്ധതി പ്രകാരം സംസ്ഥാനത്ത് എല്ലാ കാര്യങ്ങളും നടക്കുന്നുണ്ടെന്നും നോഡൽ ഓഫീസറെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

കരകൗശല വിദഗ്ധരുടെ അഭിവൃദ്ധിക്ക് സംരംഭം സഹായിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കയർ ബോർഡ് ചെയർമാൻ കുപ്പുരാമു പറഞ്ഞു.

ഹൈബി ഈഡൻ എം.പി., റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, പാർട്ടി വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ എന്നിവരുൾപ്പെടെയുള്ളവർ അടങ്ങിയതായിരുന്നു സദസ്സ്. ലക്ഷദ്വീപിലെ കവരത്തിയിലെ പരിപാടിയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന വിക്രം ജർദോഷ് മുഖ്യാതിഥിയായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..