കരുവന്നൂർ ബാങ്ക്
തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിലെ ഒന്നാംപ്രതിയായ വെളപ്പായ സതീശന്റെ പഴയ ഇടപാടുകളിലേക്ക് ഇ.ഡി. അന്വേഷണമെത്തുന്പോൾ ആരോപണവിധേയരുടെ പട്ടികയിലേക്ക് കൂടുതൽ സി.പി.എം. നേതാക്കളും. തൃശ്ശൂർ അയ്യന്തോളിലെ സഹകരണബാങ്കിൽ സതീശൻ നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്ക് പുറത്തുവന്നതാണ് കൂടുതൽ സി.പി.എം. നേതാക്കളെ ആരോപണ പ്രതിസന്ധിയിലാക്കുന്നത്. 2013 മുതൽ സതീശൻ ഈ ബാങ്കിൽ േകാടിക്കണക്കിന് രൂപ നിക്ഷേപിച്ചതായാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്. സതീശൻ സ്വന്തം പേരിൽ രണ്ട് അക്കൗണ്ടും ഭാര്യ, മകൻ എന്നിവരുടെ പേരിൽ രണ്ട് അക്കൗണ്ടും തുറന്നാണ് കള്ളപ്പണ ഇടപാട് നടത്തിയത്. ഈ നാല് അക്കൗണ്ടുകളാണ് ഇ.ഡി. കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.
ഒരേ ദിവസം തന്നെ 24 തവണയായി സതീശൻ ഇൗ ബാങ്കിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇത് ഒരുമിച്ച് അടച്ചാൽ പിടിക്കപ്പെടുമെന്നതിനാലാണ് 24 തവണയായി പണം നിക്ഷേപിച്ചത്. മൊത്തം കോടികളുടെ നിക്ഷേപമുണ്ടായിരുന്നു. കരുവന്നൂർ തട്ടിപ്പ് പുറത്തായതോടെ ഇൗ പണമെല്ലാം ബാങ്കിൽനിന്ന് പിൻവലിച്ചു. ഇതിനെല്ലാം ബാങ്കിലെ ജീവനക്കാർ കൂട്ടുനിന്നെന്നാണ് ആരോപണം.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അടുത്ത ബന്ധു അയ്യന്തോൾ സഹകരണബാങ്കിലെ ജീവനക്കാരിയാണ്. പാർട്ടിയുെട സംസ്ഥാനസമിതിയംഗത്തിന്റെ മകളും ഇൗ ബാങ്കിലെ ജീവനക്കാരിയാണ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച് ഏറെ മുൻപ് പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ബാങ്കിലെ മുൻ ജീവനക്കാരനും മുൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ എം.വി. സുരേഷ് ആരോപിച്ചിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി- സുഗതൻ
കരുവന്നൂർ കള്ളപ്പണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി സി.പി.എം. ജില്ലാ സെക്രട്ടറിയും. ഇദ്ദേഹം ഭീഷണിപ്പെടുത്തിയെന്ന് കരുവന്നൂർ ബാങ്കിന്റെ മുൻ ഡയറക്ടർ സുഗതനാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തട്ടിപ്പിൽ നേതാക്കളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കാൻ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോളായിരുന്നു ഭീഷണി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഭീഷണി ഉയർത്തി. ജാമ്യവ്യവസ്ഥ എന്താണെന്ന് അറിയാമല്ലോ എന്നായിരുന്നു ക്രൈംബ്രാഞ്ച് ചോദിച്ചതെന്നും സുഗതൻ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..