മരിച്ചയാളുടെ മകന്റെ കുടിശ്ശികയെത്തി; സമീപ കർഷകരുടെയും


2 min read
Read later
Print
Share

നെൽവില കിട്ടാതെ ആത്മഹത്യ

അമ്പലപ്പുഴ: നെല്ലുവില പൂർണമായി കിട്ടാത്തതുമൂലമുള്ള സാമ്പത്തികപ്രതിസന്ധിയിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കിയതിന്റെ തൊട്ടടുത്തദിവസം അമ്പലപ്പുഴ നാലുപാടം പാടശേഖരത്തിലെ കർഷകരിൽ പലർക്കും അക്കൗണ്ടിൽ നെല്ലുവിലയെത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ.ആർ. രാജപ്പൻ(88) ഞായറാഴ്ച രാവിലെയാണു മരിച്ചത്. തിങ്കളാഴ്ച രാജപ്പന്റെ മകൻ പ്രകാശന്റെ അക്കൗണ്ടിലും പണമെത്തി.

നാലുപാടത്ത് രാജപ്പനു രണ്ടേക്കറിലും പ്രകാശന് ഒരേക്കറിലുമാണ് കൃഷിയുള്ളത്. രാജപ്പന് 1,02,045 രൂപയും പ്രകാശന് 55,054 രൂപയുമാണു കിട്ടാനുള്ളത്. ഓണത്തിനു മുൻപ് രാജപ്പന് 28,000-ഓളം രൂപയും മകനു 15,000-ഓളം രൂപയും കിട്ടി. എന്നാൽ, നെല്ലെടുത്ത് നാലുമാസം കഴിഞ്ഞും ബാക്കിത്തുക കിട്ടിയിരുന്നില്ല. അതിനിടെ, വായ്പയ്‌ക്കായി രാജപ്പൻ ഒരു ബാങ്കിനെ സമീപിച്ചിരുന്നതായും മറ്റൊരു കർഷകർ പറഞ്ഞു.

പ്രതിസന്ധിമൂലം ഏതാനും ആഴ്ചമുൻപ് കൃഷിഭൂമി വിൽക്കുന്നതിനെക്കുറിച്ച് രാജപ്പൻ ആലോചിച്ചിരുന്നു. പാടശേഖരസമിതി ഭാരവാഹികളാണ് അതിൽനിന്നു പിന്തിരിപ്പിച്ചത്. വീടിന്റെ ആശ്രയമായ മകൻ പ്രകാശൻ അസുഖത്തെത്തുടർന്ന് ചികിത്സയിലായതും രാജപ്പനെ തളർത്തി. രണ്ടു പെൺമക്കൾ കൂടിയുണ്ട് ഇദ്ദേഹത്തിന്. അവർ വിവാഹിതരെങ്കിലും ഒരാളുടെ ഭർത്താവു മരിച്ചു.

പ്രകാശൻ പന്തൽപ്പണിക്കുപോയി കിട്ടുന്ന കൂലിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം. മൂന്നുമാസം മുൻപ് പ്രകാശൻ അർബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതുടങ്ങി.

വ്യാജ പ്രചാരണമെന്ന് അധികൃതർ

: കെ.ആർ. രാജപ്പൻ ജീവനൊടുക്കിയതു നെല്ലുവില കിട്ടാത്തതു മൂലമാണെന്നതു വ്യാജപ്രചാരണമെന്ന് അധികൃതർ പറഞ്ഞു. 3,261 കിലോ നെല്ലാണ് രാജപ്പൻ സപ്ലൈക്കോയ്ക്കു നൽകിയത്. അതിന്റെ പേ ഓർഡർ മേയ് 22 ആണ്. എന്നാൽ, മേയ് 17 മുതൽ പേ ഓർഡർ ആയ കർഷകരിൽ 50,000-ൽ താഴെയുള്ളവർക്കെല്ലാം ഓണത്തിനു മുൻപു തുകനൽകി. 50,000-നു മുകളിലുള്ളവർക്ക് കൈകാര്യച്ചെലവും സംസ്ഥാനവിഹിതവും ചേർത്ത് കിലോയ്ക്ക് 7.92 രൂപവെച്ച്‌ അക്കൗണ്ടിലേക്കു നൽകി. രാജപ്പൻ രജിസ്റ്റർ ചെയ്ത ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 28,678 രൂപയാണു നൽകിയത്.

കിലോയ്ക്ക് 20.40 രൂപ പ്രകാരം കർഷകർക്കുള്ള ബാക്കിത്തുക പി.ആർ.എസ്. വായ്പയായി കാനറ, എസ്.ബി.ഐ. ബാങ്കുകൾ വഴിയാണു നൽകിയത്. രാജപ്പന്റെ പേര് എസ്.ബി.ഐ. ലിസ്റ്റിലാണ്. ഓഗസ്റ്റ് 24-ന് ഇതുസംബന്ധിച്ച പട്ടിക സപ്ളൈകോ, എസ്.ബി.ഐ.ക്കു നൽകിയിട്ടുണ്ട്. രാജപ്പനെ പലതവണ ബാങ്കിൽനിന്നു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നു ബാങ്കധികൃതർ അറിയിച്ചതായി പാഡി ഓഫീസർ പറഞ്ഞു. മകൻ പ്രകാശനു ബാക്കിയുള്ള 39,658 രൂപ അക്കൗണ്ടിൽ എത്തിയെന്നും പാഡി ഓഫീസർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..