ആലപ്പുഴ: ഇടതുമുന്നണി മന്ത്രിസഭയിൽ അഞ്ചുവർഷവും പാർട്ടിയുടെ മന്ത്രി ഒരാൾ മാത്രമായിരിക്കുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ വ്യക്തമാക്കി. ആലപ്പുഴയിൽ ജില്ലാ നേതൃയോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
എൻ.സി.പി.ക്ക് അരമന്ത്രിയില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. 20-നു ചേരുന്ന എൽ.ഡി.എഫ്. യോഗത്തിൽ മന്ത്രിമാറ്റം ആവശ്യപ്പെടേണ്ട സാഹചര്യമില്ല. ആ യോഗത്തിൽ അഹമ്മദ് ദേവർകോവിലിനുപകരം രാമചന്ദ്രൻ കടന്നപ്പള്ളിയെയും ആന്റണി രാജുവിനുപകരം കെ.ബി. ഗണേഷ്‍കുമാറിനെയും മന്ത്രിമാരാക്കുന്നതാകും ചർച്ചചെയ്യുക. എൻ.സി.പി.യുടെ മന്ത്രിയായി എ.കെ. ശശീന്ദ്രൻ തുടരും.
കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പാർട്ടിയോട് ഇടഞ്ഞുനിൽക്കുകയാണ്. തിങ്കളാഴ്ചത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തതുമില്ല. അതുതന്നെ അറിയിച്ചില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
ബി.ജെ.പി.ക്കൊപ്പം പോയവരെ അംഗീകരിക്കില്ല
: എൻ.സി.പി. കേരളഘടകം ശരദ് പവാർ നയിക്കുന്ന പാർട്ടിയുടെ ഭാഗമാണെന്നു പി.സി. ചാക്കോ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലാ പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചതായി എൻ.സി.പി. വിട്ടുപോയി ബി.ജെ.പി.യുമായി ചേർന്നു പ്രവർത്തിക്കുന്ന പ്രഫുൽ പട്ടേൽ കത്തുനൽകിയതായി കണ്ടു. അതിനൊരു വിലയുമില്ല.
ഇവിടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായി ആലോചിച്ചു നിയമിക്കപ്പെട്ടവർതന്നെ തുടരും. തോമസ് കെ. തോമസിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടിവേദിയിൽ പറയണം. പുറമേ നടത്തുന്ന ഒരു പ്രവർത്തനവും അംഗീകരിക്കില്ല- പി.സി. ചാക്കോ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..