വിജിലൻസ് കോടതിയിലെ പ്രധാന വ്യവഹാരി


2 min read
Read later
Print
Share

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിജിലൻസ് കോടതി തുടങ്ങിയ കാലം മുതൽ അഴിമതിക്കെതിരേ നിലയ്ക്കാത്ത നിയമ പോരാട്ടവുമായെത്തിയ വ്യക്തിയാണ് ഗിരീഷ് ബാബു. കോടതിയിൽ തോറ്റാലും തിരസ്കരിച്ചാലും വിട്ടുവീഴ്ചകളോ പിൻമടക്കമോ ഇല്ലാതെ വീര്യത്തോടെ വീണ്ടും വരുമായിരുന്നു ഈ കളമശ്ശേരിക്കാരൻ. കേരളം ചർച്ച ചെയ്ത ഒട്ടനവധി കേസുകൾ ഇദ്ദേഹം നടത്തിയതാണ്. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റുചെയ്ത പാലാരിവട്ടം പാലം നിർമാണ ക്രമക്കേട് കേസുകൾ ഗിരീഷ് ബാബുവാണ് വിജിലൻസിലെത്തിച്ചത്.

ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമടക്കം കുറ്റാരോപിതരായ സി.എം.ആർ.എൽ. മാസപ്പടി കേസും വിജിലൻസ് കോടതിയിലെത്തിച്ചു. വേണ്ടത്ര തെളിവില്ലെന്നു കണ്ട് വിജിലൻസ് കോടതി തള്ളിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് ഗിരീഷിന്റെ മരണം.

എൻ.സി.പി. നേതാക്കളും മന്ത്രി ശശീന്ദ്രനും പി.എസ്.സി. അംഗവും കുറ്റാരോപിതരായ പി.എസ്.സി. അംഗ നിയമന അഴിമതി കേസ് വിജിലൻസ് ഡയറക്ടറുടെ അനുമതിക്കായി മാറ്റിയിരിക്കുകയാണ്. നടൻ ജയസൂര്യക്കെതിരേയുള്ള കായൽ കൈയേറ്റ കേസ്, തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടത്തിയെന്ന ഗായകൻ എം.ജി. ശ്രീകുമാറിനെതിരേയുള്ള കേസ്, മെട്രോ റെയിലിനു വേണ്ടി ശീമാട്ടി ടെക്സ്‌റ്റൈൽസിന്റെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അഴിമതിയാരോപണം, സിയാൽ ഓഹരികൾ നിയമ വിരുദ്ധമായി വില കുറച്ച് നൽകിയെന്നതുമായി ബന്ധപ്പെട്ട് എം.ഡി.ക്കെതിരേ വന്ന കേസ് എന്നിവയെല്ലാം ഗിരീഷ് ബാബു കോടതിയിലെത്തിച്ചവയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം കുറ്റാരോപിതരാക്കിയ ഏറെ കോളിളക്കം സൃഷ്ടിച്ച സന്തോഷ് മാധവന്റെ മിച്ചഭൂമിയിടപാട് കേസുകളിലും മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന് എതിരേയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലും മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ്‌ തോമസിനെതിരേയുള്ള കേസിലും ഇദ്ദേഹം കോടതിയിലെത്തി.

എൻ.സി.പി. നേതാക്കൾ കുറ്റാരോപിതരായ വാളയാർ കുഴൽപ്പണ കേസ്, കാക്കനാട് സർക്കാർ പ്രസിൽനിന്ന് 45 ടൺ ഈയം കടത്തി വിറ്റു എന്നാരോപിച്ച് നൽകിയ കേസുകൾ, തേവര കുമ്പളം കായലിനു കുറുകെ നിർമിച്ച കണ്ണങ്ങാട്ട് പാലം നിർമാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചു നൽകിയ കേസ്, ഹഡ്‌കോ പുനരധിവാസ ഭൂമി പതിച്ചു നൽകിയതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരേ നടത്തിയ കേസുകൾ, ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ കരാർ ക്രമക്കേടുകൾ എന്നിവയെല്ലാം ഗിരീഷ് ബാബു നിയമത്തിന്റെ മുന്നിലേക്ക് എത്തിച്ചവയാണ്.

ഇതിൽ പല കേസുകളും തുടർ നടപടികളിലാണ്. കോടതി ക്ലീൻ ചിറ്റ് നൽകിയവയും ഇക്കൂട്ടത്തിലുണ്ടെങ്കിലും സമഗ്രമായ അന്വേഷണത്തിലേക്ക് ഗിരീഷിന്റെ പരാതികൾ നയിച്ചിരുന്നു.

ഇടുക്കിയിൽ നൂറു കോടിയുടെ പാറ പൊട്ടിച്ചു

കടത്തിയെന്ന പോലീസ് കേസും പോലീസുദ്യോഗസ്ഥരിലെ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട പരാതിയും ഗിരീഷ് ബാബുവിന്റേതാണ്.

മുൻ വിജിലൻസ് ലീഗൽ അഡ്വൈസറായിരുന്ന അന്തരിച്ച അഡ്വ. കെ.സി. സുരേഷായിരുന്നു അദ്ദേഹം പ്രാക്ടീസ് അവസാനിപ്പിക്കുന്ന കാലംവരെ ഗിരീഷ് ബാബുവിന്റെ കേസുകളിൽ കോടതിയിലെത്തിയിരുന്നത്. ഇത്ര ആവേശത്തോടെ കോടതിയെ സമീപിച്ചിരുന്ന മറ്റൊരു പൊതുപ്രവർത്തകനെ കണ്ടിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ കേസുകളിൽ വാദിച്ച മൂവാറ്റുപുഴയിലെ അഭിഭാഷകരായ ജി. സുരേഷ്, എൻ.പി. തങ്കച്ചൻ എന്നിവർ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..