വന്യജീവി ആക്രമണം: കേരളം കൊക്കിലൊതുങ്ങുന്ന പദ്ധതി ഒരുക്കുന്നു


1 min read
Read later
Print
Share

620 കോടിയുടെ സഹായ അഭ്യർഥന കേന്ദ്രം തള്ളി രണ്ടംഗസമിതി പുതിയ റിപ്പോർട്ട് തയ്യാറാക്കുന്നു

കോട്ടയം: ജനവാസമേഖലകളിലെ വന്യജീവി ആക്രമണം നേരിടുന്നതിന് സംസ്ഥാനം ആവശ്യപ്പെട്ട 620 കോടിയുടെ സഹായ അഭ്യർഥന കേന്ദ്രം തള്ളിയതോടെ ബദൽതേടി കേരളം. കേന്ദ്രത്തിന് കൊടുത്ത വലിയ പാക്കേജിൽനിന്ന് അത്യാവശ്യമുള്ളതും സംസ്ഥാനത്തിന് താങ്ങാവുന്നതുമായ ഒരു മിനി പ്രോജക്ട് തയ്യാറാക്കുകയാണ് സർക്കാർ. ഇതിനായി വനം, ധനവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരം കൊടുക്കാനുള്ള ഒരു നിധി സമാഹരിക്കുക, ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അക്രമണ പ്രതിരോധ മാർഗങ്ങൾ നിർദേശിക്കുക എന്നിവയ്ക്കാണ് മുൻഗണന. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കേന്ദ്രത്തിന് സമർപ്പിച്ച പദ്ധതിയിൽ ഒരു ഭാഗമെങ്കിലും അംഗീകരിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. സ്വന്തംനിലയിൽ വിഭവം കണ്ടെത്താനാണ് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് സംസ്ഥാനത്തിന് നൽകിയ മറുപടിയിൽ നിർദേശിച്ചത്.

കേന്ദ്രത്തിന് നൽകിയത് അഞ്ചുവർഷംകൊണ്ട് നടപ്പാക്കാവുന്ന 620 കോടിയുടെ പദ്ധതിയാണ്. 10 വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി 1150 കോടി രൂപ ചെലവുവരുന്ന മറ്റൊരു പ്രോജക്ട് റിപ്പോർട്ടും വനംവകുപ്പ് തയ്യാറാക്കിയിരുന്നു. ഇവ രണ്ടും പരിഗണിച്ചാകും പുതിയ പാക്കേജ് തയ്യാറാക്കുക. പക്ഷേ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സം.

ഏഴു വർഷം, മരണം 801

ഏഴു വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 801 പേരാണ് കൊല്ലപ്പെട്ടത്. 7684 പേർക്ക് പരിക്കേറ്റു. 6730 പേർക്ക് നഷ്ടപരിഹാരം നൽകി.

ഉടൻ വേണ്ടതും ചെലവും

* ജനവാസമേഖലകളും വനവും വേർതിരിക്കാനുള്ള ഭിത്തി, വേലിനിർമാണം- 90 കോടി

* വന്യജീവി ആക്രമണങ്ങളിലെ ഇരകൾക്കും വിള നശിക്കുന്നവർക്കും നഷ്ടപരിഹാരം- 83.75 കോടി

* വന്യജീവികൾക്ക് തീറ്റ, കുടിവെള്ളം ഉറപ്പാക്കുന്നതിന് വനത്തിനുള്ളിലെ പ്രവൃത്തി- 83 കോ‌ടി

* പരിശീലനം- 170 കോടി

* നിലവിലുള്ള വേലി, കിടങ്ങ്, സൗരോർജവേലി എന്നിവയുടെ പരിപാലനം -89 കോടി

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..