കോട്ടയം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫെഡറൽ സംവിധാനത്തിന് കീഴിൽ നടപ്പാക്കാൻ പറ്റാത്ത ആശയമാണെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. പ്രസ് ക്ലബ്ബ് മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേ സമയത്താണ് തുടങ്ങിയത്. പക്ഷേ വിവിധ സർക്കാരുകളുടെ തകർച്ചയും പിരിച്ചുവിടലും എല്ലാം മാറ്റിമറിച്ചു. പല സംസ്ഥാനങ്ങളിൽ പല സമയത്താണ് സഭാ രൂപവത്കരണം. ഒരേ തിരഞ്ഞെടുപ്പിന് തീരുമാനിച്ചാലും കടമ്പകൾ ബാക്കിയാണ്. കാലാവധിയുള്ള സഭകളെ പിരിച്ചുവിടാൻ ആവശ്യപ്പെടാൻ കേന്ദ്രത്തിന് അധികാരമില്ല. കേന്ദ്രം അഭ്യർഥിച്ചാലും ആരും കേൾക്കണമെന്നുമില്ല. ഭരണസംവിധാനം തകർന്നു എന്ന് ബോധ്യപ്പെട്ട് ഗവർണർ റിപ്പോർട്ട് നൽകിയാൽ മാത്രമേ പിരിച്ചുവിടൽ സാധിക്കൂ. അതും സുപ്രീംകോടതിയുടെ തീരുമാനങ്ങൾക്ക് വിധേയമാകും.
രാജ്യത്തിന്റെ പേരുമാറ്റനടപടിയും ശരിയായ ദിശയിലുള്ളതല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഭരണഘടന അനുസരിച്ച് രാജ്യത്തിന് ഒരു പേരെ പറ്റൂ. അത് ഇന്ത്യ എന്നാണ്. ഭാരത് വിശദീകരണ പദമായി ഉപയോഗിച്ചിട്ടുണ്ട്. ഭാരത് എന്നതിന് അർഥമായി പറയുന്ന ഒരു കാര്യവും ചരിത്രപരമായി ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എക്സിക്യൂട്ടീവിന്റെ അധികാരം കൂടുന്നത് പാർലമെന്റിനെ ദുർബലമാക്കുന്നുണ്ട്. ശക്തനായ പ്രധാനമന്ത്രി ജനാധിപത്യത്തെ ദുർബലമാക്കുമെന്നത് അടിയന്തരാവസ്ഥക്കാലത്ത് കണ്ടതാണ്. ഈയിടെ പ്രധാനമന്ത്രിയെ സഭയിൽ എത്തിച്ച് പ്രതികരിപ്പിക്കാൻ അവിശ്വാസം കൊണ്ടുവരേണ്ടിവന്നു. ഇൗ പ്രവണത ഏകാധിപത്യം എന്ന നിലയിലേക്കാണ് പോകുന്നത്. പാർലമെന്റ് നിയമനിർമാണ സഭയാണെന്ന് പറയുമെങ്കിലും നടക്കുന്നത് അതല്ല. നിയമം അംഗീകരിച്ചുകൊടുക്കുന്നവർ മാത്രമായി അവർ മാറിയെന്നും പി.ഡി.ടി. ആചാരി നിരീക്ഷിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..