അടൂർ: പി.എസ്.സി.യുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അടൂർ സ്വദേശിനി ആർ. രാജലക്ഷ്മിക്കെതിരേ നാട്ടിലും പരാതി. അടൂർ മൂന്നാളം ഭാഗത്തുള്ള അഞ്ചുപേരുടെ കൈയിൽനിന്ന് ഇവർ ലക്ഷങ്ങൾ തട്ടിയതായാണ് പരാതി. വിദേശത്ത് ജോലി തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ ആയിടയ്ക്കുതന്നെ, പണം നഷ്ടപ്പെട്ടവർ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഒട്ടേറെ തവണ പോലീസുകാർ വിളിച്ചിട്ടും രാജലക്ഷ്മി എത്തിയില്ലെന്ന് പരാതി നൽകിയവർ പറയുന്നു. പണം നൽകി വിദേശത്ത് കൊണ്ടുപോകാൻ ആദ്യം സ്ത്രീകളെയാണ് രാജലക്ഷ്മി സമീപിച്ചത്. പിന്നീട് അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സമീപിച്ചു. ആദ്യം രാജലക്ഷ്മി സമീപിച്ച വീട്ടുകാരാണ് യഥാർഥത്തിൽ കുടുങ്ങിയത്. ഇവർ വഴിയാണ് മറ്റുള്ള പലരെയും രാജലക്ഷ്മി പരിചയപ്പെട്ടതും പണം വാങ്ങിയതും. ഇതിനാൽ, രാജലക്ഷ്മിയെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ പരിചയപ്പെടുത്തിയ വീട്ടുകാരെ തിരക്കി പണം നഷ്ടമായവർ വന്നുതുടങ്ങി. അടൂരിൽ പണം നഷ്ടമായവർ നൽകിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് പരാതിക്കാർ പറയുന്നു. മൂന്നുവർഷമായി രാജലക്ഷ്മിയെ അടൂർ ഭാഗത്ത് ആരും തന്നെ കണ്ടിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..