പത്തനംതിട്ട: കെ-ഫോൺ കണക്ഷനുകൾ തകൃതിയായി സർക്കാർ ഓഫീസുകളിൽ നൽകുമ്പോഴും ഇത് പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ അനുബന്ധ സൗകര്യങ്ങളില്ല. ഓഫീസുകളിലെ എല്ലാ കംപ്യൂട്ടറുകളിലും കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് എത്തിക്കാനുള്ള മോഡം, ലോക്കൽ ഏരിയ നെറ്റ് വർക്ക് (ലാൻ) എന്നിവ ഇല്ലാത്തതാണ് പ്രശ്‌നം. കെ-ഫോൺ കമ്പനി ഇവ നൽകാത്തതിനാലാണ് പടിവാതിൽക്കലെത്തിയ ഇന്റർനെറ്റ് കാഴ്ചവസ്തുവായി മാറുന്നത്.
മോഡം വാങ്ങുകയോ ‘ലാൻ’ ഒരുക്കുകയോ ചെയ്യണമെങ്കിൽ അതത് വകുപ്പുകൾ മുൻകൈ എടുക്കണമെന്നാണ് കെ-ഫോണിന്റെ നിലപാട്. മോഡം ഏത് വാങ്ങണം, ലോക്കൽ ഏരിയ നെറ്റ് വർക്ക് ആരെക്കൊണ്ട് ചെയ്യിക്കണം എന്നിവയ്ക്കുള്ള നിർദേശങ്ങൾ കെ-ഫോൺ നൽകുന്നുണ്ട്. പക്ഷേ, പണം സ്വയം മുടക്കേണ്ടിവരുന്നതിനാൽ വകുപ്പുകൾ ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ല.
വകുപ്പുകളുടെ മേലധികാരികളാണ് ഇതിനുള്ള തീരുമാനം എടുക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ തീരുമാനം എടുക്കാനുള്ള നിർദേശം സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. കൈയിൽനിന്ന് പണം മുടക്കി കെ-ഫോൺ കണക്ഷൻ ഓഫീസിൽ എല്ലാ കംപ്യൂട്ടറുകളിലും എത്തിക്കാൻ ഓഫീസ് അധികാരികളും താത്പര്യപ്പെടുന്നില്ല. അടുത്തിടെ കെ-ഫോൺ അധികൃതർ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെത്തി റിപ്പോർട്ട് ശേഖരിച്ചിരുന്നു. ഭൂരിഭാഗം ഓഫീസുകളിൽനിന്നും മോഡമില്ലാത്തതിന്റേയും ലാൻ ഇല്ലാത്തതിന്റേയും പരാതികളാണ് കിട്ടിയത്. ഓഫീസുകളിൽ നെറ്റ് വർക്ക് റാക്ക് , യു.പി.എസ്. എന്നിവ മാത്രമാണ് കെ-ഫോൺ നൽകിയിരിക്കുന്നത്. ഇതിൽനിന്നുള്ള കണക്ഷൻ ഒരു കംപ്യൂട്ടറിൽ മാത്രമാണ് കൊടുക്കാൻ കഴിയുക.
ബി.എസ്.എൻ.എലിന്റെ ഇന്റർനെറ്റ് കണക്ഷൻ മോഡം വഴി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓഫീസുകളിലാണ് മോഡമില്ലാത്ത കെ-ഫോൺ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നത്. ഓഫീസ് പ്രവർത്തനം അവതാളത്തിലാവാതിരിക്കാൻ നിലവിലുള്ള കണക്ഷനുകൾ നിലനിർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.
കെ-ഫോൺ പ്രവർത്തിപ്പിച്ചാൽതന്നെ എന്തെങ്കിലും തകരാർ ഉണ്ടായാൽ ആരോടുപറയണം എന്ന കാര്യത്തിലും സർക്കാർ ഓഫീസുകൾക്ക് കൃത്യമായ നിർദേശം നൽകിയിട്ടില്ല. വകുപ്പുകളും കെ-ഫോണും തമ്മിലുള്ള ഏകോപനത്തിന്റെ കുറവാണ് വില്ലനാകുന്നത്. സംസ്ഥാനത്ത് ഇനിയും പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ എത്താനുണ്ടെന്നാണ് വിവരം. ഈ മാസം 30-നകം എല്ലായിടത്തും എത്തിക്കാനാണ് ശ്രമം. 13, 957 സ്‌കൂളുകൾ ഉൾപ്പെടെ 30,438 സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ഷൻ നൽകേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..