സ്‌കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കും -മന്ത്രി വി. ശിവൻകുട്ടി


1 min read
Read later
Print
Share

തിരുവനന്തപുരം: പി.ടി.എ., പൂർവവിദ്യാർഥികൾ, എസ്.എം.സി. സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണസമിതി രൂപവത്കരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പ്രഭാതഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വഫണ്ട് ഉച്ചഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന് പരിശോധിക്കും. ഇതിനായി കർമപദ്ധതി തയ്യാറാക്കും. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസിനാണ് ചുമതല.

2023-24 അധ്യയനവർഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിനാൽ നടപ്പ് വർഷത്തെ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽനിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ അനുവദിച്ചു. ഇത് പ്രധാനാധ്യാപകർക്ക് നൽകാൻ നടപടിയായി.

സ്കൂൾ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറിന്റെയും ചർച്ചകളുടെയും ക്രോഡീകരിച്ച റിപ്പോർട്ട് സെപ്റ്റംബർ 21-ന് പ്രകാശനം ചെയ്യും. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യും.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക്‌ വർഷം സ്കൂളുകളിലെത്തിക്കും. .

പഠനം മുടങ്ങുന്ന സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിൽ ഡിജിറ്റൽ ടെക്‌സ്റ്റ്‌ വികസിപ്പിക്കും. ഭിന്നശേഷി കുട്ടികൾക്കായി ഓഡിയോ ടെക്‌സ്റ്റും പുറത്തിറക്കും.

നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യം അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..