പി. വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത് അന്വേഷണത്തിന് തടസ്സമല്ലെന്ന് സമിതി


1 min read
Read later
Print
Share

ഐ.ജി. പി. വിജയൻ

തിരുവനന്തപുരം: ഐ.ജി. പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമല്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്.

എലത്തൂർ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന പി. വിജയനെ മേയ് മാസത്തിൽ സസ്പെൻഡ്‌ ചെയ്തത്.

ജൂലായിൽ പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന് കാട്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശ ചെയ്തിരുന്നു. ഇത് പോലീസ് മേധാവിയുടെ വിലയിരുത്തലിനായി അയച്ചിരുന്നു. എന്നാൽ ഐ.ജി.യിൽനിന്ന് വിശദീകരണം തേടിയ പോലീസ് മേധാവി അത് തള്ളിയതോടെ സസ്പെൻഷൻ തുടരുകയായിരുന്നു.

ഇതിനു പിന്നാലെയാണ് വീണ്ടും സസ്പെൻഷൻ പുനഃ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ നാലംഗസമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ഐ.ജി.ക്ക് അനുകൂലമായി വീണ്ടും ശുപാർശ നൽകിയിട്ടുള്ളത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാൻ അവസരമുണ്ടെന്നും അപ്പോൾ വീഴ്ച കണ്ടെത്തിയാൽ നടപടിയാകാമെന്നും സമിതിയുടെ ശുപാർശയിലുണ്ട്.

കേന്ദ്രചട്ടം അനുസരിച്ച് നിയോഗിച്ച സമിതിയിൽ ചീഫ് സെക്രട്ടറി വി. വേണുവിനെ കൂടാതെ തദ്ദേശ ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജി.എ.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരാണുള്ളത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..