കരുവന്നൂർ ബാങ്ക്
തൃശ്ശൂർ: അഞ്ഞൂറുകോടിയുടെ ഇടപാട് നടത്തിയെന്ന് ഇ.ഡി. കണ്ടെത്തിയ വെളപ്പായ സതീശന് ബന്ധമുള്ള സി.പി.എം. േനതാക്കളുടെ പട്ടികയിലേക്ക് സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനും. കണ്ണൻ പ്രസിഡന്റായ തൃശ്ശൂർ സർവീസ് സഹകരണബാങ്കിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇ.ഡി. പരിശോധന നടത്തി. സതീശനും കണ്ണനും തമ്മിൽ ഇടപാടുകളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. എത്തിയത്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യമുറപ്പാക്കിയായിരുന്നു പരിശോധന. േകരള ബാങ്കിന്റെ വൈസ് പ്രസിഡന്റുകൂടിയാണ് കണ്ണൻ.
ഇതിനുപുറമേ അയ്യന്തോൾ സഹകരണ ബാങ്ക്, തൃശ്ശൂർ ഗോസായിക്കുന്നിലെ എസ്.ടി. ജൂവലറി, ജൂവലറി ഉടമയായ കൊന്നക്കപറമ്പിൽ സുനിൽകുമാറിന്റെ വെങ്ങിണിശ്ശേരിയിലെ വീട്, വെങ്ങിണിശ്ശേരിയിലെ റിയൽ എസ്റ്റേറ്റുകാരൻ കുറ്റിക്കാരൻ അനിലിന്റെ വീട്, വെളപ്പായ സതീശനുവേണ്ടി ആധാരങ്ങളും രേഖകളും തയ്യാറാക്കിയിരുന്ന വിയ്യൂരിലെ ആധാരമെഴുത്തുകാരൻ ജോഫി കൊള്ളന്നൂർ, തൃശ്ശൂരിലെ ആധാരമെഴുത്തുകാരൻ ജോസ് കൂനംപ്ലാക്കൽ എന്നിവരുടെ ഒാഫീസുകളിലും പരിശോധന നടത്തി. ഇവിടെനിന്ന് പത്ത് ഡോക്യുമെന്റുകൾ പിടിച്ചെടുത്തു.
കൊടുങ്ങല്ലൂർ ടൗൺ സഹകരണബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചു. എറണാകുളത്തെ വ്യവസായിയായ ദീപക് സത്യപാലന്റെ വീട്ടിലും തിങ്കളാഴ്ച പരിശോധന നടത്തി.
എ.സി. മൊയ്തീൻ എം.എൽ.എ. യെ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
മുൻ എം.പി. പി.െക. ബിജുവിൽനിന്ന് ഇ.ഡി. വിവരങ്ങൾ ശേഖരിക്കുമെന്നാണ് അറിയുന്നത്.
സതീശനുമായുള്ള ഇടപാടുകളുടെ പേരിൽ തൃശ്ശൂർ കോർപറേഷൻ കൗൺസിലറും സി.പി.എം. തൃശ്ശൂർ ഏരിയാ കമ്മിറ്റി അംഗവുമായ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റിയംഗവും സി.പി.എം. അത്താണി ലോക്കൽ കമ്മിറ്റിയംഗവുമായ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ ഇ.ഡി. പലതവണ ചോദ്യം ചെയ്തിരുന്നു.
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരുമായും സതീശന് അടുപ്പമുണ്ടായിരുന്നെന്ന് കരുവന്നൂർ കേസിലെ മുഖ്യസാക്ഷി കെ.എ. ജിജോർ വെളിപ്പെടുത്തിയിരുന്നു. ഇൗ രണ്ടു നേതാക്കളും തൃശ്ശൂരിലെത്തുന്പോൾ സതീശൻ പോയി കാണുമായിരുന്നെന്നാണ് വെളിപ്പെടുത്തൽ.
തിങ്കളാഴ്ച ഇ.ഡി.യുടെ പരിശോധന നടന്ന അയ്യന്തോൾ സഹകരണബാങ്കിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം േബബി ജോണിന്റെ മകളും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജന്റെ ഭാര്യയും ജീവനക്കാരാണ്. ഈ ബാങ്കിലാണ് നാല് അക്കൗണ്ടുകളിലൂടെ സതീശൻ ഒന്നരക്കോടി വെളുപ്പിച്ചതായി പ്രാഥമികാന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തിയത്.
കരുവന്നൂർ തട്ടിപ്പിെനപ്പറ്റി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചിരുന്നത് പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവരെയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..