എ.എ. റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി


എ.എ റഹീം | Photo: facebook.com|aarahimofficial

തിരുവനന്തപുരം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി സംസ്ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെ സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചു.

ഒഴിവുവരുന്ന മൂന്നു സീറ്റിൽ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുപക്ഷത്തിന് രണ്ടുസീറ്റിലാണ് ജയിക്കാനാകുക. രണ്ടാമത്തേതിൽ സി.പി.ഐ. മത്സരിക്കും. ഇതിലേക്ക് എ.ഐ.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി. സന്തോഷ് കുമാറിനെ കഴിഞ്ഞദിവസം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്തെ മാണിക്കൽ പഞ്ചായത്തിലെ തൈക്കാടാണ് റഹീം ജനിച്ചത്. വിമുക്തഭടനായ എം. അബ്ദുൾ സമദും എ. നബീസാ ബീവിയുമാണ് മാതാപിതാക്കൾ. കേരള സർവകലാശാല യൂണിയൻ ചെയർമാൻ, കേരള സർവകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയനിലയിലും കുറച്ചുകാലം മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല നിയോജക മണ്ഡലത്തിൽ മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവകലാശാലയിൽ ‘അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളും’ എന്ന വിഷയത്തിൽ ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ഗവേഷണം നടത്തുന്നുണ്ട്. അമൃതയാണ് ഭാര്യ. ഗുൽമോഹർ, ഗുൽനാർ എന്നിവരാണ് മക്കൾ.

Content Highlights: kerala aa-rahim-is-cpm-rajyasabha-candidate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..