കുഞ്ഞാലിവധം: ആര്യാടനെ മരണംവരെ പിന്തുടർന്ന ആരോപണം


ആര്യാടൻ മുഹമ്മദ്‌ | ഫോട്ടോ:കെ.കെ. സന്തോഷ്‌

: ആര്യാടന്റെ രാഷ്ട്രീയജീവിതത്തിലെ ദുർഘടമായ ഒരു വഴിത്തിരിവായിരുന്നു സഖാവ് കുഞ്ഞാലിവധം. കോടതി കുറ്റവിമുക്തനാക്കിയിട്ടും കൊലയാളിയെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും മരണംവരെ അദ്ദേഹത്തെ വേട്ടയാടി.

1969 ജൂലായ് 26-ന് അർധരാത്രിയാണ് ചുള്ളിയോട് അങ്ങാടിയിൽ സി.പി.എം. എം.എൽ.എ. കൂടിയായ കുഞ്ഞാലി വെടിയേറ്റുമരിക്കുന്നത്. വെടിവെച്ചത് ഡി.സി.സി. സെക്രട്ടറികൂടിയായ ആര്യാടനാണെന്ന് കോൺസ്റ്റബിൾ കുഞ്ഞമ്പുനായർക്ക് കുഞ്ഞാലി മരണമൊഴി നൽകി. ഇതാണ് ആര്യാടനെതിരേ ശക്തമായ തെളിവായത്. എന്നാൽ വെടിയേറ്റ കുഞ്ഞാലിക്ക് മയങ്ങാൻ വീര്യംകൂടിയ മരുന്നു കൊടുത്തെന്ന ആശുപത്രിരേഖകൾ ഉയർത്തിയാണ് ഇതിനെ ആര്യാടന്റെ വക്കീൽ പ്രതിരോധിച്ചത്. ഒമ്പതുമാസത്തോളം വിചാരണത്തടവുകാരനായി ആര്യാടനും മറ്റ് 24 പേരും കോഴിക്കോട് സബ്ജയിലിൽ കിടന്നു. 1970 ഏപ്രിൽ 16-ന് ഇവരെ കോടതി വെറുതെവിട്ടു.ആ കൊലപാതകി ഞാനല്ലാ

പലതവണ പലയിടത്തായി പറ്റുന്ന ശബ്ദത്തിൽ ആരോപണം ആര്യാടൻ നിഷേധിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ‘മാതൃഭൂമി’ക്ക് നൽകിയ അഭിമുഖത്തിലും ഇക്കാര്യം ആവർത്തിച്ചു. അദ്ദേഹം പറയുന്നു- “എസ്റ്റേറ്റുടമ അവറാച്ചന്റെ അനുമതിയോടെ കുഞ്ഞാലി തന്റെ യൂണിയൻകാരായ 19 പേരെ പണിക്കുകൊണ്ടുവന്നു. ആറുമാസം കഴിഞ്ഞപ്പോൾ ആ തൊഴിലാളികൾ മുതലാളിയുമായി തെറ്റി. എല്ലാവരും എന്റെ യൂണിയനിൽ ചേർന്നു. ഇതിന്റെ ദേഷ്യത്തിൽ കുഞ്ഞാലി ആഴ്ചയവസാനത്തെ ചെലവുകാശ് വാങ്ങാനെത്തിയ ഐ.എൻ.ടി.യു.സി. പ്രവർത്തകരെ ആക്രമിക്കാനൊരുങ്ങി. ആ സമയത്ത് ഞാൻ പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളിപ്രശ്‌നവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു. സംഭവമറിഞ്ഞ് അവിടുത്തെ പാർട്ടി ഓഫീസിലെത്തി. എന്നെയും പ്രവർത്തകരേയും ആക്രമിക്കാൻ ആയുധങ്ങളുമായി കുഞ്ഞാലിയും സംഘവും ഓഫീസിലേക്കുള്ള കോണി കയറി. ഇതുകണ്ട ഒരു ട്രാക്ടർ ഡ്രൈവർ കുഞ്ഞാലിയെ വെടിവെച്ചു. നേരത്തേ ഒരു തർക്കത്തിൽ കുഞ്ഞാലി അയാളെ മർദിച്ചിരുന്നു. അതാണ് വിരോധത്തിന് കാരണം. ആരോ വിളിച്ചുപറയുമ്പോഴാണ് വെടിയേറ്റത് കുഞ്ഞാലിക്കാണെന്ന് ഞാനറിയുന്നത്”

1980-ലെ തിരഞ്ഞെടുപ്പിൽ ഇടതുചേരിയിൽനിന്ന് മത്സരിച്ച ആര്യാടൻ 18,000 വോട്ടിനാണ് ജയിച്ചത്. “ഞാൻ കൊലയാളിയല്ലെന്ന് അന്നുമുതൽക്കേ സി.പി.എമ്മിനറിയാം. ഒരു സഖാവും എനിക്കെതിരായി സാക്ഷി പറഞ്ഞില്ല. യഥാർഥ കൊലയാളിയായ ട്രാക്ടർ ഡ്രൈവറെ അവർതന്നെ കൊലപ്പെടുത്തുകയുംചെയ്തു. എന്നാലും എല്ലാവർഷവും കുഞ്ഞാലി അനുസ്മരണദിനത്തിൽമാത്രം ഞാൻ കൊലയാളിയാവും”- ആര്യാടൻ അഭിമുഖത്തിൽ പറയുന്നു.

നോവായി സൈനയുടെ കണ്ണുനീർ...

1980-ലെ തിരഞ്ഞെടുപ്പിൽ ആര്യാടനെ പാർട്ടി സ്ഥാനാർഥിയാക്കിയ വിവരമറിഞ്ഞപ്പോൾ കുഞ്ഞാലിയുടെ ഭാര്യ സൈന അന്തംവിട്ടുപോയി. “ജയിക്കുന്നയാൾക്കും തോൽക്കുന്നയാൾക്കും എന്റെ വോട്ടില്ല” എന്നായിരുന്നു സൈനയുടെ പ്രതികരണം. ഈ നിലപാടിലെ അപകടം പാർട്ടി തിരിച്ചറിഞ്ഞു. അവരെ അനുനയിപ്പിക്കാൻ സഹോദരനും പ്രസിദ്ധ നാടകകൃത്തുമായ കെ.ടി. മുഹമ്മദിനെ സമീപിച്ചു. അങ്ങനെ സൈനയെക്കൊണ്ട് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കിച്ചു. സൈന എഴുതിയ പ്രസ്താവനയിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു; ‘നിലമ്പൂരിലെ എന്നല്ല, ലോകത്തിലെത്തന്നെ ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതികേടുണ്ടാവരുത്’. എന്നാൽ ഈ ഭാഗം ഒഴിവാക്കിയാണ് ആ പ്രസ്താവന പുറത്തിറക്കിയത്. സൈനയും ആര്യാടനും തമ്മിലൊരു കൂടിക്കാഴ്ചയൊരുക്കാനും ശ്രമമുണ്ടായി. പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് കെ.ടി. ഉറപ്പുനൽകിയെങ്കിലും എങ്ങാനും കൈവിട്ടുപോയെങ്കിലോ എന്നു ഭയന്ന് അത് ഒഴിവാക്കി.

Content Highlights: kerala aryadan muhammed kunjali murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..