അട്ടപ്പാടി മധു വധക്കേസ്; സാക്ഷികളുടെ കൂറുമാറ്റവും ഇടനിലക്കാരുടെ ഇടപെടലും വിചാരണയെ ബാധിക്കുന്നു


കൊല്ലപ്പെട്ട മധു, അമ്മ മല്ലി | photo: mathrubhumi news|screen grab

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റവും ഇടനിലക്കാരുടെ ഇടപെടലും കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുന്നു.

ദൃക്‌സാക്ഷികളിൽ പ്രധാനികളായ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ എന്നിവരാണ് നിലവിൽ കൂറുമാറിയത്. മധുവിനെ ചവിട്ടാൻ ഒന്നാംപ്രതി ഹുസൈൻ കാലുപൊക്കുന്നത് കണ്ടു, പക്ഷേ, ചവിട്ടുന്നത് കണ്ടില്ലെന്നാണ് ഉണ്ണിക്കൃഷ്ണന്റെ മൊഴി. ഇതൊന്നും കണ്ടില്ലെന്നാണ് മധുവിന്റെ ബന്ധുകൂടിയായ ചന്ദ്രന്റെ മൊഴി.

കേസിലെ ഒന്നാംപ്രതി ഹുസൈൻ, മധുവിന്റെ നെഞ്ചത്തുചവിട്ടി എന്നാണ് കുറ്റപത്രത്തിലുള്ളത്. ഇത് കണ്ടെന്നായിരുന്നു പോലീസിനോട് ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ, രഹസ്യമൊഴിയിൽ കാലുയർത്തുന്നത് കണ്ടു പക്ഷേ, ചവിട്ടുന്നത് കണ്ടില്ലെന്നാണ് പറഞ്ഞത്. വിചാരണവേളയിലും ഇത് ആവർത്തിച്ചതോടെ ഇയാൾ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.

മധുവിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ചന്ദ്രൻ. മധുവിനെ ആക്രമിച്ച ആൾക്കൂട്ടത്തിൽ ചന്ദ്രൻ ഉള്ളതിന്റെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുണ്ട്. എന്നാൽ, മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് മൊഴിനൽകിയതോടെ ഇയാളും കൂറുമാറിയതായി പ്രഖ്യാപിച്ച് പ്രോസിക്യൂഷൻ സി.സി.ടി.വി.ദൃശ്യങ്ങൾ കാണിച്ച് ക്രോസ് വിസ്താരം നടത്തി. ഇനി വിസ്തരിക്കാനുള്ളതും മധുവിന്റെ ബന്ധുക്കളെയാണ്.

സാക്ഷികൾ കൂറുമാറുന്നത് വെല്ലുവിളിയാണെങ്കിലും സി.സി.ടി.വി.ദൃശ്യങ്ങളടക്കമുള്ള തെളിവുകളും ശാസ്ത്രീയതെളിവുകളും കേസ് തെളിയിക്കാൻ പര്യാപ്തമാണെന്ന കണക്കുകൂട്ടലാണ് പ്രോസിക്യൂഷൻ. ഇതിനിടയിലാണ് മധുവിന്റെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്. വാളയാറിൽ രണ്ടുപെൺകുട്ടികൾ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടർന്നായിരുന്നു അന്വേഷണം സി.ബി.ഐ.ക്ക്‌ വിട്ടത്.

ഈ രണ്ടുകേസുകളിലും ഇടപെട്ട മറ്റുചിലർക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് പിന്നിൽ പങ്കുണ്ടെന്ന് ആരോപണമുണ്ട്. രാജേഷ് എം. മേനോനാണ് അഡീഷണൽ പ്രോസിക്യൂട്ടർ.

മധു വധക്കേസിൽ പ്രോസിക്യൂട്ടർ ഹാജരാകാതെ വന്നതോടെ കോടതി നേരത്തേ വിമർശനമുന്നയിച്ചിരുന്നു.

Content Highlights: kerala attappadi madhu murder case; family approaches high court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..