പ്രതീകാത്മക ചിത്രം | PTI
ചേർത്തല: കേരളബാങ്കിന്റെ ചേർത്തല നഗരത്തിലെയും സമീപത്തെയും മൂന്നു ശാഖകളിൽനിന്നു പണയസ്വർണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മറ്റുശാഖകളിലും അതു സംഭവിച്ചിട്ടുണ്ടോയെന്ന ബാങ്കുതല പരിശോധന തുടങ്ങി. എന്നാൽ, എല്ലാവർഷവുമുള്ള പരിശോധന മാത്രമാണെന്നാണു ബാങ്ക് അധികൃതർ പറയുന്നത്.
മൂന്നുശാഖകളിൽനിന്നായി 21 ലക്ഷം രൂപ മൂല്യംവരുന്ന പണയസ്വർണം നഷ്ടമായതായാണു പ്രാഥമിക നിഗമനം. താലൂക്കിലെ 10 ശാഖകളിലും ചുമതലയുള്ള ഉദ്യോഗസ്ഥയാണു സംഭവത്തിൽ സംശയനിഴലിൽ. സ്വർണം നഷ്ടമായ വിവരം ബാങ്കിന്റെ ഉന്നതതലത്തിൽ അറിയിച്ചതിനു പിന്നാലെ ഇവർ അവധിയെടുത്തിരിക്കുകയാണ്. സർവീസ് സംഘടനയിൽനിന്ന് കഴിഞ്ഞദിവസം ഇവരെ പുറത്താക്കുകയും ചെയ്തു.
ശാഖകളിലെ പണയസ്വർണത്തിന്റെ സ്റ്റോക്ക് പരിശോധനയ്ക്കു ചുമതലപ്പെട്ട ഉദ്യോഗസ്ഥയാണിവർ. ശാഖകളിൽ പണയ ഇടപാടുകൾ സുഗമമാണോയെന്നുള്ള പരിശോധനയ്ക്കെത്തി തന്ത്രപൂർവ്വം ഇവർ സ്വർണം മാറ്റിയെന്നാണ് അനുമാനം.
ചേർത്തല നടക്കാവ് ശാഖയിൽ നാല് ഇടപാടുകാരുടെ 11.6 ലക്ഷം രൂപ മൂല്യംവരുന്ന സ്വർണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഉദ്യാഗസ്ഥയെ സംശയിച്ചു തുടങ്ങിയത്. തുടർന്ന് ശാഖാ അധികൃതർ, ബാങ്കിന്റെ ഉന്നതാധികാരികൾക്കു റിപ്പോർട്ട് നൽകി. അതേത്തുടർന്നാണ് പ്രാഥമിക അന്വേഷണവും പണയസ്വർണ പരിശോധനയും തുടങ്ങിയത്.
സ്വർണം നഷ്ടപ്പെട്ട നഗരത്തിലെ മറ്റുശാഖയിലും നഗരത്തിനു പുറത്തുള്ള ശാഖയിലും ജീവനക്കാർ പണംനൽകി ഇടപാടുകാരുടെ പരാതി പരിഹരിച്ചിരുന്നു. സംഭവം പോലീസ് അന്വേഷണത്തിലേക്കു നീങ്ങിയാൽ ഒത്തുതീർപ്പാക്കിയ ജീവനക്കാരും കുടുങ്ങും. 10 ശാഖകളിലെയും പരിശോധന പൂർത്തിയായാലേ തട്ടിപ്പിന്റെ വ്യാപ്തി കണക്കാക്കാനാകൂ.
സംഭവത്തെക്കുറിച്ചു പോലീസിൽ പരാതിപ്പെടാത്തതിൽ ജീവനക്കാർക്ക് അമർഷമുണ്ട്. ഇടപാടുകാരിൽനിന്നു പരാതിലഭിച്ചിട്ടില്ലെന്നും സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കേരളബാങ്ക് ജില്ലാ അധികൃതർ പറയുന്നത്.
Content Highlights: Kerala bank gold missing Cherthala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..