രാജ്ഭവൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം : ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം പരിഗണിക്കുന്ന ബിൽ പ്രസിദ്ധീകരിച്ചു. താത്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥകൂടി ഉൾപ്പെടുത്തിയതാണ് ബിൽ.
ചാൻസലർകൂടിയായ ഗവർണർ സാങ്കേതിക സർവകലാശാലയിൽ സ്വന്തംനിലയ്ക്ക് താത്കാലിക വി.സി.യെ നിയമിച്ചത് നിയമപോരാട്ടത്തിന് ഇടയാക്കിയിരുന്നു.
വ്യവസ്ഥകൾ
- വി.സി. സ്ഥാനത്ത് താത്കാലിക ഒഴിവുണ്ടായാൽ ചാൻസലർ, പ്രോ വൈസ് ചാൻസലറെയാണ് ആ സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്.
- പ്രോ വൈസ് ചാൻസലറുടെ അഭാവത്തിൽ സംസ്ഥാനനിയമംമൂലം സ്ഥാപിതമായ മറ്റേതെങ്കിലും സർവകലാശാലകളുടെ വി.സി.യെ ആ ചുമതല ഏൽപ്പിക്കാം.
- ഗവർണർക്കുപകരം, ഓരോ സർവകലാശാലയിലും പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗല്ഭ്യമുള്ള ഒരാളെ ചാൻസലറായി നിയമിക്കണം.
ഗവർണറെ മാറ്റുന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനെന്ന് സർക്കാർ
ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നത് അദ്ദേഹത്തെ വിവാദങ്ങളിലേക്കോ പൊതുവിമർശനങ്ങളിലേക്കോ വലിച്ചിഴയ്ക്കുന്ന സ്ഥാനങ്ങളും അധികാരവും ഏൽപ്പിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്ന് സർക്കാർ. ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി അധ്യക്ഷനായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച കമ്മിഷൻ ഇങ്ങനെ ശുപാർശചെയ്തിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ഗവർണർക്ക് ഭരണഘടനാപരമായ പദവികൾ സുഗമമായി വഹിക്കാൻ ഭരണഘടനാപരമല്ലാത്ത സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള സാധാരണ ചുമതലകൾ അദ്ദേഹത്തെ ഏൽപ്പിക്കരുതെന്നും കമ്മിഷൻ നിരീക്ഷിച്ചിട്ടുണ്ട്.
Content Highlights: kerala bill to remove governor as chancellor of state universities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..