കേരളത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു; മുഖാവരണം നിർബന്ധമാക്കിയേക്കും


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: AP

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. നിലവിൽ 10,609 പേർ രോഗബാധിതരായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം മാത്രം 1801 പേർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. പരിശോധന കർശനമല്ലാതിരുന്നിട്ടും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

അവധിക്കാലയാത്രകൾ കൂടുന്ന ഘട്ടത്തിൽ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. മുഖാവരണം നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകനയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

കേരളമടക്കമുള്ള എട്ടുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്നേക്കും.

സംസ്ഥാനത്തെ അഞ്ചുജില്ലകളിൽ അഞ്ചുശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗനിരക്ക് അഞ്ചുശതമാനത്തിലധികമാകുന്നത് ആശങ്കയോടെ കാണണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ ആരോഗ്യവകുപ്പിന്റെ മോക്ഡ്രിൽ നടക്കും. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽക്കണ്ട് ഐ.സി.യു., വെന്റിലേറ്റർ ആശുപത്രിസംവിധാനങ്ങൾ കൂടുതൽ മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് മരണം കൂടുതൽ 60 വയസ്സിന് മുകളിലുള്ളവരിൽ

കോവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസ്സിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗർഭിണികളും കുട്ടികളും നിർബന്ധമായും മുഖാവരണം ഉപയോഗിക്കണം. ഇവർ കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മുഖാവരണം നിർബന്ധമാണ്.

എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണമെന്നും മന്ത്രി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കാനും യോഗം തീരുമാനിച്ചു.

Content Highlights: kerala covid cases crosses 10,000 mask likely to make mandatory

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..