മദ്യലഹരിയില്‍ വീട്ടിലെത്തി, വാതില്‍ തുറന്നുകൊടുത്തില്ല; അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍


2 min read
Read later
Print
Share

മരിച്ച രാജൻ, അറസ്റ്റിലായ രാജേഷ്

കിളിമാനൂർ: മദ്യലഹരിയിൽ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുകൊടുക്കാത്തതിന്റെ പേരിലുണ്ടായ വാക്കേറ്റം അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചു. പനപ്പാംകുന്ന് മലയ്ക്കൽ ഈന്തെന്നൂർ കിഴക്കുംകര മേലേവീട്ടിൽ രാജനാ(65)ണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മകൻ രാജേഷി(സുരാജ്-28)നെ പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാജേഷ് വാതിൽ തുറക്കാൻ വൈകിയതിനെച്ചൊല്ലി അച്ഛനുമായി വാക്കേറ്റമായി. മദ്യപിക്കാനുപയോഗിച്ച ഗ്ലാസ് പൊട്ടിച്ച് പിതാവിന്റെ കഴുത്തിൽ മുറിവേല്പിക്കുകയും തുടർന്ന് തോർത്തുകൊണ്ട് കഴുത്തിൽ ബലമായി മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

കൊലപാതകം നടന്ന ഈന്തെന്നൂരിലെ വീട്ടിൽ രാജനും ഭാര്യ സുലോചനയുമാണ് താമസം. സംഭവം നടക്കുമ്പോൾ സുലോചന ചിറയിൻകീഴിലെ ബന്ധുവീട്ടിലായിരുന്നു. മടവൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരികയായിരുന്ന രാജേഷ്, നാലു ദിവസം മുൻപാണ് ഭാര്യയുമായി പിണങ്ങി പനപ്പാംകുന്നിലെ വീട്ടിലെത്തിയത്. ബുധനാഴ്ച അച്ഛനും മകനും ഒരുമിച്ചു ജോലിക്കുപോയിട്ടാണ് വൈകുന്നേരം മടങ്ങിയെത്തിയത്. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതും തുടർന്നു വഴക്കുണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ കൊല നടന്ന ശേഷം രാജേഷ് വീടിനു പുറത്തിറങ്ങി അച്ഛൻ കൊല്ലപ്പെട്ടതായി വിളിച്ചുപറഞ്ഞ് ബഹളംവെച്ചെങ്കിലും ആദ്യം ആരും ശ്രദ്ധിച്ചില്ല. പിന്നീട് സമീപത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലെത്തി വിവരം പറഞ്ഞ ശേഷമാണ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടത്. അയൽവാസി മറ്റു ബന്ധുക്കളെയും രാജന്റെ ഭാര്യ സുലോചനയെയും വിവരമറിയിച്ചു. തുടർന്നാണ് കിളിമാനൂർ പോലീസിൽ വിവരമറിയിച്ചത്.

പോലീസ് നടത്തിയ വിശദമായ തിരച്ചിലിലാണ് രാജേഷ് പിടിയിലായത്. റൂറൽ എസ്.പി. ഡി.ശില്പയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയപരിശോധന നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായർ, ഷജീം, രാജേന്ദ്രൻ, എ.എസ്.ഐ. താഹിർ, എസ്.സി.പി.ഒ. ഷംനാദ്, അരുൺ, രജിത്ത് രാജ്, ഷാജി, മഹേഷ്, സി.പി.ഒ. സുനിൽ, തസിൻ, ശ്രീരാജ്, ഷാഡോ സംഘം എസ്.ഐ. ദിലീപ്, ഫിറോസ്, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്വരൂപാണ് രാജന്റെ ഇളയ മകൻ. മരുമക്കൾ: ലതിക, വനിത.

അമിത ലഹരിയിൽ അറ്റുപോയത് രണ്ടു കുടുംബങ്ങൾ

കിളിമാനൂർ: അമിത മദ്യപാനംകൊണ്ടുണ്ടായ ദുരന്തമാണ് പനപ്പാംകുന്ന് ഈന്തെന്നൂരിൽ രാജന്റെ(65) കുടുംബത്തിനുണ്ടായത്. മദ്യലഹരിയിൽ രക്തബന്ധംപോലും മറന്ന് വാശിയിൽ അച്ഛനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയപ്പോൾ അനാഥമായത് രണ്ടു കുടുംബങ്ങളാണ്.

വരുമാനത്തിന്റെ നല്ലൊരു ഭാഗവും മദ്യപിക്കാൻ ചെലവിടുന്ന ശീലക്കാരാണ് രണ്ടുപേരുമെന്ന് അയൽവാസികൾ പറയുന്നു.

ബുധനാഴ്ച ഇരുവരും ഒന്നിച്ച് ജോലിക്കുപോയിരുന്നു, വൈകുന്നേരം മദ്യം വാങ്ങി.

സർക്കാർ ധനസഹായത്താൽ നിർമാണം ആരംഭിച്ച വീട് പകുതിമാത്രം പൂർത്തിയായ നിലയിലാണ്. അനാരോഗ്യം മൂലം രാജന്റെ ഭാര്യ സുലോചനയ്ക്കു ജോലിക്കുപോകാൻ കഴിയില്ല. മറ്റൊരു മകൻ സ്വരൂപ് വിവാഹം കഴിഞ്ഞ് പാങ്ങലുകാടെന്ന സ്ഥലത്താണ് താമസം. പ്രതിയായ മകൻ രാജേഷിന് ഭാര്യയും ഒരുവയസ്സുള്ള മകനുമുണ്ട്.

പനപ്പാംകുന്ന് പ്രദേശത്ത് കൂലിപ്പണി എടുക്കുന്നവരിൽ സജീവമാണ് മരിച്ച രാജൻ. പരിചയക്കാരോടൊക്കെ ജോലിയുണ്ടോ എന്ന്‌ അന്വേഷിക്കുന്നത് 'ഇന്ന് ക്വട്ടേഷൻ 'വല്ലതുമുണ്ടോ എന്ന സരസ്സമായ ചോദ്യമുയർത്തിയാണ്. ഇതോടെ രാജന് 'ക്വട്ടേഷൻ രാജൻ' എന്നാണ് പനപ്പാംകുന്നിലെ വിളിപ്പേര്. നിലമേൽ സ്വദേശിയാണ്.

ഈന്തെന്നൂർ പ്രദേശത്ത് കഞ്ചാവ് വില്പനയും സജീവമാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവും മദ്യവും ചേർന്ന അമിത ലഹരിയിൽ നടക്കുന്ന അക്രമങ്ങൾ ഗ്രാമീണമേഖലകളിലും അതിലുപരി നിത്യവൃത്തിക്കായി അത്യധ്വാനംചെയ്യുന്ന പട്ടികജാതി കോളനികളിലും സ്വൈരജീവിതം തകർക്കുന്ന നിലയിലായിട്ടുണ്ട്.

Content Highlights: kerala crime news drunk son kills father for not opening door

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..