സ്വപ്നയുടെ വെളിപ്പെടുത്തല്‍ പരാതി അന്വേഷിക്കാന്‍ വന്‍സംഘം


ഗൂഢാലോചന; ജാമ്യംകിട്ടാവുന്ന വകുപ്പെന്ന് സർക്കാർ, അന്വേഷിക്കാൻ വൻസംഘം

എറണാകുളം സി.ജെ.എം. കോടതിയിൽ മജിസ്േട്രറ്റിനു മുൻപാകെ രഹസ്യമൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സ്വപ്നാ സുരേഷ് |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വപ്നാ സുരേഷ്, പി.സി. ജോര്‍ജ് എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള 12അംഗസംഘം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ഷേഖ് ദര്‍വേശ് സാഹേബ് മേല്‍നോട്ടം വഹിക്കും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

പരാതിക്കാരനായ കെ.ടി. ജലീല്‍ എം.എല്‍.എ.യില്‍നിന്ന് മൊഴിയെടുത്ത് അന്വേഷണം ആരംഭിക്കും. എത്രയുംപെട്ടെന്ന് അന്വേഷണം നടത്താനാണ് നിര്‍ദേശം. സമഗ്രാന്വേഷണം ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തും ഗൂഢാലോചന വിശദമായി പരിശോധിക്കുമെന്ന് എ.ഡി.ജി.പി. വിജയ് സാഖറെയും പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലും പി.സി. ജോര്‍ജിന്റെ ടെലിഫോണ്‍ സംഭാഷണവും വിശദമായി പരിശോധിച്ചാകും തുടര്‍നടപടികളിലേക്കു നീങ്ങുക. സ്വപ്ന പി.സി. ജോര്‍ജിന് എഴുതിനല്‍കിയെന്നു പറയുന്ന കത്തും പരിശോധിക്കും.

എസ്.പി. എസ്. മധുസൂദനന്‍ സംഘത്തലവന്‍

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

കണ്ണൂര്‍ സിറ്റി എ.സി.പി. പി.പി. സദാനന്ദന്‍, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അമ്മിണിക്കുട്ടന്‍, കാസര്‍കോട് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. സി.എ. അബ്ദുല്‍ റഹീം, തൃശ്ശൂര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി. ടി.ആര്‍. സന്തോഷ്, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബി. അനില്‍ കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷരീഫ്, തൃശ്ശൂര്‍ സിറ്റി എ.സി.പി. വി.കെ. രാജു, കൊച്ചി ജില്ലാ െസ്പഷ്യല്‍ ബ്രാഞ്ച് എ.സി.പി. എ. അഭിലാഷ്, കൊച്ചി സിറ്റി എ.സി.പി. പി. രാജ്കുമാര്‍, ഒല്ലൂര്‍ എ.സി.പി. കെ.സി. സേതു, വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എ. ആദംഖാന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

വ്യാജസര്‍ട്ടിഫിക്കറ്റ് കേസും വേഗത്തിലാക്കും

സ്വപ്ന പ്രതിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കും. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സര്‍വകലാശാലാ ആസ്ഥാനത്തുപോയി തെളിവെടുക്കും. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനാണ് ആലോചന. സ്‌പേസ് പാര്‍ക്കില്‍ ജോലിക്കായി വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് കേസ്. വടക്കാഞ്ചേരി ലൈഫ് കേസില്‍ വിജിലന്‍സും അന്വേഷണം ഊര്‍ജിതമാക്കി.

സ്വപ്നയുടെ ജാമ്യഹര്‍ജി തള്ളി

സ്വപ്നയ്‌ക്കെതിരായ കേസുകള്‍ ജാമ്യംകിട്ടുന്ന വകുപ്പുകള്‍ പ്രകാരമാണെന്നും അറസ്റ്റുചെയ്യുമെന്ന ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പി.എസ്. സരിത് ഇതുവരെ കേസില്‍ പ്രതിയല്ലെന്നും വിശദീകരിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് വിജു എബ്രഹാം ഇരുവരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.കലാപത്തിന് ആഹ്വാനം ചെയ്യല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സ്വപ്നയെ ഒന്നാംപ്രതിയും പി.സി. ജോര്‍ജിനെ രണ്ടാംപ്രതിയുമാക്കി പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം കനക്കുന്നതിനു പിന്നാലെയാണ് സ്വപ്നയ്‌ക്കെതിരേ കേസെടുത്ത് പ്രതിരോധം തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.


Content Highlights: kerala gold smuggling swapna suresh revelation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..