ഭരണഘടനയെ വിമർശിച്ച പ്രസംഗം ; സജി ചെറിയാന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കുന്നു


1 min read
Read later
Print
Share

സജി ചെറിയാൻ

പത്തനംതിട്ട: ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ചതിന് മുൻമന്ത്രിയും എം.എൽ.എ.യുമായ സജി ചെറിയാന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കുന്നു. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

കേസ് അവസാനിപ്പിക്കാനുള്ള നിയമോപദേശ വിശദാംശങ്ങൾ ചേർത്തുള്ള അപേക്ഷ തിങ്കളാഴ്ച തിരുവല്ല ഡിവൈ.എസ്.പി. തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് തെളിയിക്കാനാകില്ലെന്നും ഭരണഘടനയെ വിമർശിക്കാൻ പൗരനെന്നനിലയിൽ അവകാശമുണ്ടെന്നുമാണ് ജില്ലാ ഗവ. പ്ലീഡർ എ.സി. ഈപ്പൻ നിയമോപദേശം നൽകിയത്. കേസെടുക്കാൻ നിർദേശിച്ച ജഡ്ജി സ്ഥലംമാറിപ്പോകുന്ന ബുധനാഴ്ചയ്ക്ക് മുമ്പ് നടപടികൾ അവസാനിപ്പിക്കാനാണ് നീക്കം.

ജൂലായ് മൂന്നിന് സി.പി.എം. മല്ലപ്പള്ളി ഏരിയാകമ്മിറ്റിയുടെ പരിപാടിയിലാണ് മന്ത്രിയായിരുന്ന സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത്. ഹൈക്കോടതി അഭിഭാഷകനായ കൊച്ചി സ്വദേശി ബൈജു നോയലാണ് സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല കോടതിയിൽ പരാതിനൽകിയത്. മജിസ്‌ട്രേറ്റ് രേഷ്മ ശശിധരൻ, മന്ത്രിയുടെ പേരിൽ കേസെടുക്കാൻ കീഴ്‌വായ്‌പൂര് പോലീസിന് നിർദേശംനൽകി. ഇതിനെത്തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ വകുപ്പുപ്രകാരമാണ് കേസെടുത്തത്.

സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന് നിയമോപദേശം

സജി ചെറിയാന്റെ പേരിലെ കേസ് സർക്കാരിന് അധിക ബാധ്യതയുണ്ടാക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ഭരണഘടനയെ വിമർശിക്കാനും അതിനോട് വിയോജിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. ബോധപൂർവമുള്ള പരാമർശങ്ങളല്ല നടത്തിയത്. ഒരുമണിക്കൂർ പ്രസംഗം മുഴുവൻ കേട്ടാൽ അത് വ്യക്തമാകുമെന്നും പറയുന്നു.

കൃത്യമായ പാർട്ടി നീക്കം

കേസ് അവസാനിപ്പിക്കാൻ സി.പി.എം. കൃത്യമായ നീക്കങ്ങൾ നടത്തിയിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് കാണിച്ച് പോലീസിന് പരാതികൾ കിട്ടിയിരുന്നു. എന്നാൽ, ആദ്യ രണ്ടു ദിവസം നടപടിയെടുത്തില്ല.

പ്രസംഗത്തിന്റെ വീഡിയോയിൽ എഡിറ്റിങ് നടന്നോയെന്നറിയാൻ ഫൊറൻസിക് ലാബിലേക്ക് അയച്ചെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. ശബ്ദം സജി ചെറിയാന്റെതാണോ എന്നറിയാൻ പരിശോധനനടത്തുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.

ഒഴിച്ചിട്ട മന്ത്രിക്കസേര

സജി ചെറിയാൻ രാജിവെച്ചെങ്കിലും പകരം മന്ത്രിയെ നിയമിക്കേണ്ടെന്നായിരുന്നു സി.പി.എം. നിലപാട്. സാസ്കാരികം, ഫിഷറീസ് വകുപ്പുകളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഈ വകുപ്പുകളുടെ ചുമതല മറ്റുമന്ത്രിമാർക്ക്‌ നൽകുകയായിരുന്നു.

Content Highlights: kerala, saji cheriyan, kerala news

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..