പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ ; വി.സി.ക്ക് നോട്ടീസ്


2 min read
Read later
Print
Share

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi

തിരുവനന്തപുരം: തൃശ്ശൂർ കേരള വർമ കോളേജിൽ അധ്യാപികയായ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിലെ മലയാളംവിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. പ്രിയയെ രണ്ടുദിവസത്തിനകം നിയമിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. നിയമനനടപടികൾ പൂർണമായി റദ്ദാക്കുന്നതിനുമുന്നോടിയായി ഗവർണർ കണ്ണൂർ വി.സി.ക്കു നോട്ടീസയച്ചു.

താൻ ചാൻസലറായി തുടരുന്നിടത്തോളം സർവകലാശാലയിൽ സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് ബുധനാഴ്ച വൈകീട്ട് ഡൽഹിക്കു തിരിക്കാനായി വിമാനത്താവളത്തിലെത്തിയ ഗവർണർ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു. നിയമനനടപടികൾ മരവിപ്പിച്ച് ഉത്തരവിട്ടതായി ഏഴുമണിയോടെ രാജ്ഭവൻ വാർത്താ കുറിപ്പിറക്കി.

ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഗവർണർ നടപടിക്രമങ്ങൾ പാലിച്ചില്ല. തുടർനടപടികൾ അടുത്തദിവസം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, നിയമപോരാട്ടത്തിനു പുറമെ, സർക്കാരും ഗവർണറും തമ്മിൽ വീണ്ടും പരസ്യമായ ഏറ്റുമുട്ടലിനും കളമൊരുങ്ങി.

പ്രിയാ വർഗീസിന് റാങ്കുപട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ ജൂൺ 27-ന് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇതടക്കമുള്ള നിയമനനടപടികളാണ് ചാൻസലറെന്ന നിലയിൽ മരവിപ്പിക്കുന്നതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. മറ്റൊരുത്തരവുണ്ടാകുന്നതുവരെ തുടർനടപടികൾ പാടില്ല.

കണ്ണൂർ സർവകലാശാലാ നിയമത്തിലെ ഏഴാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ചാണ് വി.സി.ക്കു കാരണംകാണിക്കൽ നോട്ടീസയച്ചത്. സിൻഡിക്കേറ്റിന്റെ നടപടി റദ്ദാക്കാൻ ചാൻസലർക്ക് അധികാരം നൽകുന്നതാണ് ഈ വ്യവസ്ഥ. എന്നാൽ, അതിനുമുമ്പ് രേഖാമൂലമുള്ള വിശദീകരണം തേടിയിരിക്കണം.

നിയമനത്തിൽ വീഴ്ച സംഭവിച്ചെങ്കിൽ ഗവർണർക്ക് തന്നെ അറിയിച്ചാൽ മതിയായിരുന്നല്ലോ എന്ന് ബുധനാഴ്ച രാവിലെ മാധ്യമങ്ങളോട് ചോദിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രൻ നീരസം പ്രകടിപ്പിച്ചിരുന്നു. വി.സി.യുടെ പ്രതികരണത്തിലുള്ള രോഷം വൈകീട്ട് ഗവർണറുടെ ശരീരഭാഷയിലും പ്രകടവുമായിരുന്നു.

നിയമനവിവാദം ഇങ്ങനെ:

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയാ വർഗീസിന് നവംബറിൽ വി.സി.യുടെ കാലാവധി നീട്ടുന്നതിനുമുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയെന്നാണ് വിവാദം. യു.ജി.സി. മാനദണ്ഡങ്ങൾ അവഗണിച്ചാണ് പ്രിയയെ നിയമിക്കാനുള്ള നടപടിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

നിയമനത്തിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ അടുത്തിടെ ഗവർണർ വി.സി.യോടു നിർദേശിച്ചിരുന്നു. നിയമനം നിയമപരമാണെന്നു ചൂണ്ടിക്കാട്ടിയുള്ള അഡ്വക്കേറ്റ് ജനറൽ, സ്റ്റാൻഡിങ് കോൺസൽ എന്നിവരുടെ നിയമോപദേശവും അഭിമുഖത്തിൽ പ്രിയാ വർഗീസ് മികച്ച പ്രകടനം നടത്തിയെന്നുമുള്ള റിപ്പോർട്ടുകളാണ് സർവകലാശാല ഗവർണർക്കു സമർപ്പിച്ചത്.

Content Highlights: Kerala Governor Arif Mohammed Khan stays Priya Varghese's university appointment

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..