തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച രമേശ് ചെന്നിത്തല എം എൽ എ യുടെ നിയമസഭ പ്രസംഗങ്ങൾ പുസ്തക പ്രകാശനചടങ്ങിൽ രമേശ് ചെന്നിത്തലയുടെ കൊച്ചുമകനെ ലാളിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ മന്ത്രി വി .എം സുധീരൻ, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഡൽഹിയിൽ എത്താനാവട്ടെ എന്നാശംസിച്ച് എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ. ഒന്നാം പിണറായി സർക്കാരിൽ പ്രതിപക്ഷനേതാവായിരിക്കേ ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനമായിരുന്നു വേദി. ചടങ്ങിൽ പങ്കെടുത്ത യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ഇ.പി.യെ പിന്തുണച്ചതും കൗതുകമായി.
നേരും നെറിയുമുള്ള നേതാവാണ് ചെന്നിത്തല. രാഷ്ട്രീയത്തിൽ ഇപ്പോഴും യുവത്വമായി തിളങ്ങുന്ന ചെന്നിത്തല ഇവിടെയിരിക്കേണ്ട ആളല്ല. അദ്ദേഹത്തിന് ഡൽഹിയിൽ എത്താനാവട്ടെ- ഇ.പി. ആശംസിച്ചു. ഡി.വൈ.എഫ്.ഐ.യെ കണ്ടു പഠിക്കണമെന്നു പ്രസംഗിച്ച ചെന്നിത്തല, കാര്യങ്ങളോടു ശരിയായി പ്രതികരിക്കുന്ന ആളാണെന്ന ഇ.പി.യുടെ വിശേഷണം ചടങ്ങിൽ ചിരി പടർത്തി. ഡി.വൈ.എഫ്.ഐ.യെക്കുറിച്ചുള്ള ചെന്നിത്തലയുടെ പരാമർശം നാക്കുപിഴയാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ഇ.പി.യെ തിരുത്തി. എന്നാൽ, ഡൽഹിയിൽ പോകേണ്ട നേതാവാണ് ചെന്നിത്തലയെന്നതിനോടു യോജിച്ചു.
കേരള നിയമസഭയിൽക്കിടന്നു വഴക്കടിക്കുന്നതിനേക്കാൾ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുന്ന നേതാവാണ് ചെന്നിത്തലയെന്നാണ് ഹസന്റെ അഭിപ്രായം. ഹിന്ദി പ്രാവീണ്യവും ഒട്ടേറെ സംസ്ഥാനങ്ങളിൽ സമകാലീനരായ നേതാക്കളുള്ളതുമൊക്കെ ചെന്നിത്തലയുടെ നേട്ടങ്ങളായി അധ്യക്ഷത വഹിച്ച വി.എം.സുധീരൻ എടുത്തു പറഞ്ഞു. ഡൽഹിയിൽ പോവണോ തിരുവനന്തപുരത്തു വാസമുറപ്പിക്കണോയെന്ന് ചെന്നിത്തലതന്നെ തീരുമാനിക്കട്ടെ- സുധീരൻ അടിവരയിട്ടു.
ഇടതു-വലതു മുന്നണി കൺവീനർമാർ തോളോടുതോൾ ചേർന്നിരുന്നതും ഇരുമുന്നണികളും എതിർക്കാറുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാവുകയും ചെയ്തത് ചടങ്ങിനെ സവിശേഷമാക്കി. എൽ.ഡി.എഫ്., യു.ഡി.എഫ്. കൺവീനർ ഒന്നിച്ചു വേദിയിലെത്തിയതിനെ അഭിനന്ദിച്ച ഗവർണർ ജനാധിപത്യമെന്നാൽ ഇതാണെന്ന് അഭിപ്രായപ്പെട്ടു. നമുക്ക് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാവാം. അതിന്റെപേരിൽ വ്യക്തിവിരോധവും ശത്രുതയുമുണ്ടാക്കുന്നതല്ല ജനാധിപത്യം. ഏകാധിപത്യം ചരിത്രത്തിലെ കഥയായി മാറിയെന്നും ഗവർണർ പറഞ്ഞു.
രാഷ്ട്രീയത്തിൽ അഭിപ്രായഭിന്നത ഉണ്ടാവാമെങ്കിലും നാടിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് യോജിക്കാനാവണമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. രാഷ്ട്രീയത്തിൽ സ്ഥാനമില്ലാതെ എങ്ങനെ പ്രവർത്തിക്കാമെന്ന് രണ്ടുവർഷമായി താൻ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥാനമാനങ്ങളില്ലാതെയും ജനങ്ങളെ സേവിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..