ആസൂത്രണ ബോർഡ് സമീപനരേഖ പറയുന്നു; കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കും


2 min read
Read later
Print
Share

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ. ആസൂത്രണ ബോർഡ് തയ്യാറാക്കിയ പഞ്ചവത്സര പദ്ധതിക്കുള്ള കരട് സമീപനരേഖയിലാണ് ഇതേക്കുറിച്ചുള്ള സൂചന. പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണം ചൂണ്ടിക്കാട്ടുമ്പോഴാണ് കേരളം നേരിടാൻ പോകുന്ന നാലുവെല്ലുവിളികൾ എടുത്തുപറയുന്നത്.

കേന്ദ്രം പങ്കിടുന്ന നികുതിയിൽ കേരളത്തിനുണ്ടാവുന്ന കുറവ്, കേന്ദ്രത്തിൽനിന്നുള്ള റവന്യൂകമ്മി ഗ്രാന്റ് നിർത്തലാകുന്നത്, ജി.എസ്.ടി. നഷ്ടപരിഹാരത്തുക അവസാനിക്കുന്നത്, കടമെടുപ്പുപരിധി പഴയനിരക്കിലേക്കു മാറ്റുന്നത് എന്നിവയാണ് കേരളം നേരിടാൻ പോകുന്ന വെല്ലുവിളികളെന്ന് സമീപന രേഖയിൽ പറയുന്നു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാർശയനുസരിച്ച്, സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളിൽ കേരളത്തിന്റെ പങ്ക് 2.5 ശതമാനത്തിൽനിന്ന് 1.925 ശതമാനമാകും. റവന്യൂകമ്മി ഗ്രാന്റായി കേരളത്തിനു ലഭിച്ചിരുന്ന വിഹിതം 2023-24-ൽ അവസാനിക്കുമെന്നും ജി.എസ്.ടി. നഷ്ടപരിഹാരം 2022 ജൂണിനുശേഷം തുടരാൻ സാധ്യതയില്ലെന്നും സമീപനരേഖയിൽ പറയുന്നു.

സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനം എന്ന അളവിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് സംസ്ഥാനം നേരിടാൻപോകുന്ന മറ്റൊരു തിരിച്ചടി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നാലരശതമാനമായി ഉയർത്തിയിരുന്നു. 2025-26-ൽ മൂന്നുശതമാനമായി നിജപ്പെടുത്താനാണ് കേന്ദ്രതീരുമാനം.

പതിന്നാലാം പഞ്ചവത്സരപദ്ധതിയുടെ ആകെ അടങ്കൽത്തുക അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും പതിമ്മൂന്നാം പദ്ധതിയിലുണ്ടായ ചെലവിന്റെ അടിസ്ഥാനത്തിൽ 2.15 ലക്ഷം കോടി രൂപയെങ്കിലും വരുമെന്ന് കണക്കാക്കുന്നു.

ആദ്യത്തെ രണ്ടുവർഷം മൊത്തം സംസ്ഥാന ആഭ്യന്തരഉത്പാദനം പത്തുശതമാനവും പിന്നീടുള്ള മൂന്നുവർഷം 11 ശതമാനവും വളർച്ച കൈവരിക്കുമെന്ന് സമീപനരേഖയിൽ അനുമാനിക്കുന്നു.

തനതുനികുതി വരുമാനത്തിൽ 12.7 ശതമാനവും നികുതിയേതര വരുമാനത്തിൽ 10 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. കാർഷിക വിപണനത്തിന് സമൂലമാറ്റങ്ങൾ കൊണ്ടുവരിക, ആഴക്കടൽ മത്സ്യബന്ധനത്തിലേക്കുനീങ്ങാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക, പുതിയ ഖനന നയം തയ്യാറാക്കുക, റോഡുകളിലെ തിരക്ക് കുറയ്ക്കാൻ അർധാതിവേഗ റെയിൽപദ്ധതി നടപ്പാക്കുക എന്നീ നിർദേശങ്ങളും സമീപനരേഖയിൽ പറയുന്നു.

ലക്ഷ്യം ജീവിതനിലവാരം ഉയർത്തൽ

അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിലെ ജീവിതനിലവാരം അന്തർദേശീയതലത്തിൽ ഒരു വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുകയാണ് പഞ്ചവത്സരപദ്ധതി ലക്ഷ്യംവെക്കുന്നതെന്ന് സമീപനരേഖയിൽ വ്യക്തമാക്കുന്നു.

പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

* മാനവശേഷി ഉപയോഗപ്പെടുത്തി ഒരു വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുക.

* ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക നൈപുണികൾ എന്നിവ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്തുക.

* ആധുനികവും തൊഴിൽദായകവും ഉത്പാദനക്ഷമവുമായി സമ്പദ്ഘടന കെട്ടിപ്പടുക്കുക.

* ഉന്നതവിദ്യാഭ്യാസം ആധുനികീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.

* അതിദാരിദ്ര്യം ഇല്ലാതാക്കുക.

* മാലിന്യനിർമാർജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങൾ സ്ഥാപിക്കുക.

Content Highlights: kerala is moving towards financial crisis says planning board document

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..