കെ.എസ്.ആർ.ടി.സി.; ആദ്യം ശമ്പളം നൽകേണ്ടത് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമെന്ന് ഹൈക്കോടതി


കേരള ഹൈക്കോടതി | Photo : PTI

കൊച്ചി: ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ, സ്റ്റോർ, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വൈകാതെ ശമ്പളം ഉറപ്പാക്കണമെന്നും മേലുദ്യോഗസ്ഥർക്ക് ഇതിനുമുൻപ് ശമ്പളം നൽകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് ശമ്പളം നൽകുന്നത് സർക്കാരായതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. എന്നാൽ, ഭാവിയിൽ ഇക്കാര്യവും പരിഗണിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം വൈകരുത് എന്നാവശ്യപ്പെട്ട് ആർ. ബാജി അടക്കമുള്ള ജീവനക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

കെ.എസ്.ആർ.ടി.സി.യുടെ നിലവിലെ ബാധ്യത എങ്ങനെ മറികടക്കുമെന്നത് സർക്കാർ പരിശോധിക്കണം. ഇക്കാര്യം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാമെന്ന് സർക്കാർ അറിയിച്ചു. ഹർജി 21-ന് വീണ്ടും പരിഗണിക്കും.

ശമ്പളം വൈകിപ്പിച്ച് എങ്ങനെ മുന്നോട്ടുപോകും

ശമ്പളം വൈകിപ്പിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി വാക്കാൽ ചോദിച്ചു. കുട്ടികളുടെ ഫീസ് അടയ്ക്കാനും വായ്പതിരിച്ചടയ്ക്കാനുമൊക്കെ ശമ്പളം കിട്ടണ്ടേ. ഇക്കാര്യത്തിൽ അനുകമ്പയുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി.

അനുകമ്പയിൽ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ചോദിക്കുന്നത്. ഏറ്റവും താഴെനിരയിലുള്ള ജീവനക്കാർക്ക് എന്ന് ശമ്പളം കൊടുക്കുന്നുവോ അന്നുമതി ഉയർന്ന ഉദ്യോഗസ്ഥർക്കും ശമ്പളം. അവർക്ക് ശമ്പളമില്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർക്കും ശമ്പളംവേണ്ട.

ശമ്പളത്തിൽ ഇത്രവലിയ അന്തരം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ബസുകൾ ക്ലാസ് നടത്താനല്ല

കെ.എസ്.ആർ.ടി.സി. ബസുകൾ ക്ലാസ് മുറികൾ നടത്താനുള്ളതല്ല സർവീസ് നടത്താനുള്ളതാണെന്ന് ഹൈക്കോടതി. എത്രനാൾ കുട്ടികൾ ബസിലിരുന്ന് പഠിക്കും. വിവാദമാകുമെന്നതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകരുതെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള പരാമർശം.

Content Highlights: kerala KSRTC case on High court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..