ജലീലിന്റെ വിവാദ പരാമർശം: മിണ്ടാതെ സി.പി.എമ്മും മുഖ്യമന്ത്രിയും


ബിജു പരവത്ത്

Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: കെ.ടി. ജലീലിന്റെ ‘ആസാദി കശ്മീർ’ പരാമർശത്തിൽ കടുത്ത വിയോജിപ്പ് പുലർത്തുമ്പോഴും അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയാതെ സി.പി.എം.ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോൺഗ്രസും ബി.ജെ.പി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീൽ. സ്വതന്ത്രപരിവേഷം നൽകി ഇതിനോട് പലപ്പോഴും സി.പി.എം. കണ്ണടച്ചിട്ടുണ്ട്.

ലോകായുക്തയ്ക്കും ജസ്റ്റിസ് സിറിയക് ജോസഫിനുമെതിരേ അദ്ദേഹം പോരിനിറങ്ങിയപ്പോൾ, പാർട്ടി കാഴ്ചക്കാരന്റെ റോളിലാണ് നിന്നത്. എന്നാൽ, എ.ആർ. നഗർ സഹകരണബാങ്കിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എത്തിക്കാനും മാധ്യമം ദിനപത്രത്തിന് നിരോധനം കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി. പക്ഷേ, വലിയ പരിക്കില്ലാതെ രക്ഷയൊരുക്കാനുള്ള കവചം അപ്പോഴും ജലിലിന് ലഭിച്ചിരുന്നു.

ഇപ്പോഴത്തെ നടപടി അതിരുവിട്ടുപോയെന്ന ബോധ്യം സി.പി.എമ്മിനുണ്ട്. അതുകൊണ്ടാണ് തിരുത്താൻ നിർദേശിച്ചത്. തിരുത്തിയിട്ടും തീരാത്തവിധം ‘ആസാദി കശ്മീർ’ പരാമർശം മാറുന്നുവെന്നതാണ് സി.പി.എമ്മിനുണ്ടാക്കുന്ന തലവേദന. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ പരാമർശം നാട്ടിൽ കലാപത്തിന് വഴിയൊരുക്കുന്നതാണെന്നു കണ്ടെത്തിയാണ് കെ.ടി. ജലീൽ പോലീസിൽ പരാതിനൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.

ജലീൽ ഉയർത്തിയ അതേവാദം, മറ്റൊരുരീതിയിൽ ജലീലിനെതിരേ ഇപ്പോൾ ബി.ജെ.പി. കശ്മീർഘടകം ഉയർത്തിയെന്നതാണ് ശ്രദ്ധേയം. ജലീലിന്റെ ‘ആസാദി കശ്മീർ’ പരാമർശം കശ്മീർ ജനതയിൽ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന വാദമാണ് ബി.ജെ.പി. ഉന്നയിക്കുന്നത്.

കേന്ദ്രഭരണപ്രദേശമാണ് കശ്മീർ. കശ്മീരിൽനിന്നാണ് ജലീൽ കശ്മീരിനെക്കുറിച്ച് രാജ്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. അതിനാൽ, ബി.ജെ.പി. കശ്മീർഘടകം ജലീലിനെതിരേ നിന്നാൽ, അവിടെ അദ്ദേഹത്തിനെതിരേ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേയാണ് ഡൽഹി പോലീസ് കേസെടുത്തത്. ഇതുകൂടിയായപ്പോൾ ‘അപകട’ത്തിന്റെ സൂചന നേതാക്കൾക്ക് ലഭിച്ചുതുടങ്ങി.

നിയമസഭാ സമിതിയുടെ പരിപാടികൾ അവസാനിക്കുന്നതിനുമുമ്പ് ഡൽഹിയിൽനിന്ന് അദ്ദേഹം മടങ്ങിയതിലും ഈ സംശയം ഒരു കാരണമാണെന്നാണ് സൂചന.

പാർട്ടി ജലീലിനൊപ്പമില്ലെന്ന് മുതിർന്ന സി.പി.എം. നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കശ്മീരിനെയും ഇന്ത്യയെയുംകുറിച്ച് പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഇ.പി. ജയരാജനും മന്ത്രി എം.വി. ഗോവിന്ദനും വിശദീകരിച്ചതാണ്. ജലീലിന്റെ നിലപാടല്ല പാർട്ടിയുടേതെന്ന് പരോക്ഷമായെങ്കിലും ബോധ്യപ്പെടുത്താനാണ് ഈ നേതാക്കൾ ശ്രമിച്ചത്.

ജലീലടക്കം കശ്മീർ സന്ദർശിച്ച നിയമസഭാസമിതിയുടെ അധ്യക്ഷനായ എ.സി. മൊയ്തീനും ‘ഗ്രൗണ്ട് റിയാലിറ്റി’ ബോധ്യപ്പെട്ടതിനാൽ ജലീലിനൊപ്പംനിന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയാണ് പാർട്ടിയുടെ നിലപാടെന്ന നയപരമായ വിശദീകരണം നൽകിയാണ് എ.സി. മൊയ്തീൻ, ജലീൽതീർത്ത പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചത്.

Content Highlights: kerala kt jaleel pinarayi vijayan cpim

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..