എം.ആർ അജിത്ത് കുമാർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ തുടർച്ചയായി വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിനെ മാറ്റി. പോലീസിനു പുറത്തേക്കാണ് മാറ്റമെന്നാണ് വിവരം. ഉത്തരവ് പിന്നീട് പുറത്തിറക്കും.
ഷാജ് കിരൺ എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൂടി കണക്കിലെടുത്താണ് അജിത്കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടറുടെ പകരം ചുമതല ഐ.ജി. എച്ച്. വെങ്കിടേഷിനു നൽകി.
തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്സാപ്പിൽ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാർ ഒട്ടേറെത്തവണ വിളിച്ചുവെന്ന് സ്വപ്ന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്തത് ഉൾപ്പെടെയുള്ള നീക്കങ്ങൾ പാളിയതും സ്ഥാനചലനത്തിനു കാരണമായി.
മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ആരോപണമുന്നയിച്ചതിനു പിന്നാലെ സരിത്തിനെ വിജിലൻസ് പാലക്കാടുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോണും വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്വപ്ന കടുത്തഭാഷയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തു.
അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഒപ്പം, അജിത്കുമാർ, വിജയ് സാഖറെ എന്നീ എ.ഡി.ജി.പി.മാർ വിളിച്ചിരുന്നതായി ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.
ഇക്കാര്യങ്ങൾ വിജയ് സാഖറെ നിഷേധിച്ചെങ്കിലും അജിത്കുമാറിൽനിന്ന് പ്രതികരണമുണ്ടായില്ല. അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.
ഷാജ് കിരൺ കൊച്ചിയിൽ മാധ്യമപ്രവർത്തകനായിരിക്കെ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നു അജിത്കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്തവിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് അജിത്കുമാർ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസംമുമ്പാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..