ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ നിന്ന് ഫോട്ടോ: എ.പി
തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽനടന്ന ലോക സാമ്പത്തികഫോറത്തിൽ നേരിട്ടു പങ്കെടുത്ത സംസ്ഥാനങ്ങൾ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാക്കിയപ്പോൾ കേരളം ഈ അവസരം ഉപയോഗിച്ചില്ല.
കർണാടകം 60,000 കോടിയുടെ നിക്ഷേപത്തിന് കരാർ ഒപ്പുവെച്ചപ്പോൾ മഹാരാഷ്ട്ര 30,000 കോടിയുടെയും തെലങ്കാന 4200 കോടിയുടെയും ആന്ധ്രാപ്രദേശ് 1600 കോടി രൂപയുടെയും നിക്ഷേപങ്ങൾ സ്വന്തമാക്കി. കേരളം ഏറെ പ്രതീക്ഷവെച്ചുപുലർത്തുന്ന ലൈഫ് സയൻസ്-ഫാർമസ്യൂട്ടിക്കൽസ് രംഗത്താണ് തെലങ്കാന നിക്ഷേപം ആകർഷിച്ചത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി എന്നിവർ ദാവോസിൽ നേരിട്ടു പങ്കെടുത്താണ് സംസ്ഥാനത്തിനുവേണ്ടി വാദിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും മേളയിൽ പങ്കെടുത്തു.
കോവിഡുകാരണം രണ്ടു വർഷത്തിനുശേഷമാണ് ദാവോസ് സമ്മേളനം ചേർന്നത്. മേയ് 23 മുതൽ 26 വരെയായിരുന്നു സമ്മേളനം. ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ വിട്ടുനിന്ന സമ്മേളനത്തിൽ ഇന്ത്യയ്ക്ക് നിർണായക ശ്രദ്ധനേടാൻ സാധിച്ചതായി സാമ്പത്തികവിദഗ്‌ധർ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സംഘത്തെ മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെയും തമിഴ്‌നാട് സംഘത്തെ വ്യവസായമന്ത്രി തങ്കം തെന്നരശുമാണ് നയിച്ചത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമെത്തി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡവ്യ, ഹർദീപ് സിങ് പുരി എന്നിവരും വ്യവസായരംഗത്തെ നൂറോളം സ്ഥാപനമേധാവികളും പങ്കെടുത്തു.
ഹിറ്റാച്ചി, ആർസലർ മിത്തൽ, സീെമൻസ്, ഡസോ സിസ്റ്റംസ്, നെസ്‌ലേ ജൂബിലിയന്റ് ഗ്രൂപ്പ് തുടങ്ങിയവയാണ് കർണാടക സർക്കാരുമായി കരാറിലേർപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ഹൈദരാബാദ് ഫാർമ സിറ്റിയിലേക്ക് ഒട്ടേറെ പ്രമുഖസ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചതാണ് തെലങ്കാനയുടെ പ്രധാനനേട്ടം.
ഹൈടെക് മേഖലയിൽ നിക്ഷേപത്തിനാണ് തമിഴ്‌നാട് ശ്രദ്ധകേന്ദ്രീകരിച്ചത്. സ്‌നൈഡർ ഇലക്‌ട്രിക, ഫ്ലക്‌സ് തുടങ്ങിയ സ്ഥാപനമേധാവികളുമായി പ്രത്യേക പാനൽ ചർച്ചകൾ തമിഴ്നാട് നടത്തിയിരുന്നു.
23 ധാരണാപത്രങ്ങളാണ് മഹാരാഷ്ട്ര ഒപ്പുവെച്ചത്. യു.എസ്., സിങ്കപ്പൂർ, ജപ്പാൻ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദേശനിക്ഷേപങ്ങളാണ് പകുതിയിലധികവും. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് പല സംസ്ഥാനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
ദാവോസ് സമ്മേളനത്തിൽ കേരളം ഒരിക്കൽമാത്രമേ പങ്കെടുത്തിട്ടുള്ളൂ. 2006-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നു പങ്കെടുക്കുന്ന ആദ്യത്തെ പ്രതിനിധിസംഘമായിരുന്നു അത്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം എല്ലാ വർഷവും നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനംചെയ്താണ് പങ്കെടുക്കേണ്ടത്. ലോകത്തെ 300-ഓളം പ്രമുഖസ്ഥാപനമേധാവികൾ ഇത്തവണ പങ്കെടുത്തിരുന്നു.
Content Highlights: kerala not participated in World Economic Forum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..