രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കേരളം; ഒരുമാസം കണ്ടെത്തേണ്ടിവരുന്നത് 5900 കോടി രൂപ


1 min read
Read later
Print
Share

ചെറിയ ബില്ലുകളെയും നിയന്ത്രണം ബാധിച്ചേക്കും

പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

തിരുവനന്തപുരം: വരുമാനം നാമമാത്രമായി കൂടുകയും ചെലവ് വൻതോതിൽ പെരുകുകയും ചെയ്യുമ്പോൾ വിടവ് നികത്താൻ കേരളത്തിന് ഒരുമാസം കണ്ടെത്തേണ്ടിവരുന്നത് ഏകദേശം 5900 കോടിരൂപ. ഈ അന്തരമാണ് കേരളത്തിന്റെ സമ്പദ്‌സ്ഥിതിയെ നിലയില്ലാക്കയത്തിലാക്കുന്നത്.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പ്രസിദ്ധീകരിച്ച, സർക്കാരിന്റെ ജൂലായിലെ വരവുചെലവിന്റെ താത്കാലിക കണക്കുപ്രകാരം വരവ് 8709.10 കോടി രൂപ. ചെലവ് 14,616.45 കോടി. വിടവ് 5907.35 കോടി. ഇതിൽ വായ്പയെടുക്കാനായത് 4166.54 കോടിരൂപ. കേന്ദ്രം നൽകിക്കൊണ്ടിരുന്ന ജി.എസ്.ടി. നഷ്ടപരിഹാരം ജൂണിൽ നിർത്തലാക്കിയതിനുശേഷമുള്ള ചിത്രമാണിത്.

സെപ്റ്റംബറിൽ ഓണച്ചെലവ് കഴിഞ്ഞപ്പോഴേക്കും ഖജനാവ് ഒഴിഞ്ഞു. റിസർവ് ബാങ്കിൽനിന്ന് ദൈനംദിനചെലവുകൾക്ക് എടുക്കാവുന്ന വായ്പയുടെ പരിധിയും കഴിഞ്ഞ് ഓവർഡ്രാഫ്റ്റിലേക്ക്‌ പോവുകയാണ് കേരളം.

ഇതാദ്യമല്ല കേരളം ഈസ്ഥിതിയിലെത്തുന്നത്. അപ്പോഴൊക്കെ കടമെടുത്തും കേന്ദ്രത്തിൽനിന്നുള്ള സഹായധനംകൊണ്ടും അതിജീവിച്ചിരുന്നു. എന്നാൽ, ഈ സാമ്പത്തികവർഷം കേന്ദ്രസഹായത്തിലെ കുറവും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും വായ്പയിലെ നിയന്ത്രണവുമൊക്കെ കാരണം 23,000 കോടിയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽതന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

ചെലവും കൂടിക്കൊണ്ടിരിക്കുന്നു. ശമ്പളപരിഷ്കരണംകാരണം അതിനുള്ള ചെലവ് 30 ശതമാനത്തോളം കൂടിയതായും ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വരുമാനത്തിലെ വർധന ശരാശരി 10 ശതമാനം മാത്രമാണ്. കിഫ്ബിക്കും സാമൂഹികക്ഷേമപെൻഷനും വേണ്ടി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

നികുതിവരുമാനം പ്രതീക്ഷിക്കുന്നതുപോലെ കൂടിയില്ലെങ്കിൽ ഇത്തവണയും ചെലവുകൾ മാറ്റിവെക്കേണ്ടിവരും. ട്രഷറിയിൽ ഇപ്പോൾത്തന്നെ ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. 25 ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാൻ ഇപ്പോൾ ധനവകുപ്പിന്റെ മുൻകൂർ അനുമതിവേണം.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ചിലസമയങ്ങളിൽ അഞ്ചുലക്ഷം രൂപയ്ക്കുമുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി നിർബന്ധമാക്കിയിരുന്നു. പ്രതിസന്ധി തുടർന്നാൽ അഞ്ചുലക്ഷമാക്കി പരിധി താഴ്ത്തേണ്ടിവരും. അങ്ങനെവന്നാൽ വകുപ്പുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. വരുന്നയാഴ്ച ഇതുസംബന്ധിച്ച അവലോകനം നടത്താനിരിക്കുകയാണ് ധനവകുപ്പ്.

Content Highlights: Kerala's economic situation is critical

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..