അഞ്ചു കമ്പനികളുടെ ഡയറക്ടർ, ചുരുങ്ങിയ കാലംകൊണ്ടുള്ള വളർച്ച; ദുരൂഹത തീരാതെ ഷാജ് കിരൺ


സ്വപ്‌ന, ഷാജ് കിരൺ

കൊച്ചി: ഷാജ് കിരണിനെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഷാജ് കിരൺ എന്ന വ്യക്തിയുമായി ഒരുബന്ധവുമില്ലെന്ന് ബിലീവേഴ്‌സ് ചർച്ച്... സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലുകൾ വന്നതുമുതൽ കേൾക്കുന്ന ഷാജ് കിരണിനെ അറിയില്ലെന്നു ഓരോരുത്തരും പറയുമ്പോൾ അയാൾ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌പ്രിങ് ഗിവർ എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവർത്തിക്കുന്നത്.

മാധ്യമപ്രവർത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളർച്ചയ്ക്കുപിന്നിൽ ദുരൂഹതകൾ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്‌സ് ചർച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു.

എന്നാൽ, ഷാജുമായി ഒരുബന്ധവുമില്ലെന്നാണ് ബിലീവേഴ്‌സ് ചർച്ചിന്റെ വിശദീകരണം. ഷാജിന്റെ ഭാര്യ ആറുമാസത്തോളം സഭയുടെ ആശുപത്രിയിൽ എൻജിനിയറിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്നു.

ഷാജ് കിരണിനെതിരേ പോലീസ് നടപടിയുണ്ടാകാത്തത് അയാളുടെ ഉന്നത രാഷ്ട്രീയബന്ധങ്ങൾക്കു തെളിവാണെന്നും ആരോപണമുണ്ട്. സ്വപ്നയോടു സംസാരിക്കുമ്പോൾ എ.ഡി.ജി.പി.യാണ് ഫോണിൽ മറുഭാഗത്തെന്നു ഷാജ് പറയുന്നുണ്ട്. അതു സത്യമല്ലെങ്കിൽ ഷാജിനെതിരേ പോലീസ് ഉടൻ നടപടി സ്വീകരിക്കേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തിനും മറുപടിയില്ല.

മാധ്യമപ്രവർത്തകനായി വിവിധ ടെലിവിഷൻ ചാനലുകളിൽ ജോലിചെയ്തശേഷമാണ് ഷാജ് പി.ആർ. രംഗത്തേക്കിറങ്ങുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകനാണെന്ന് തോന്നാത്തവിധം പ്രവർത്തിച്ചിരുന്ന ഷാജ് എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുള്ള ഉന്നതനേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറയുമ്പോൾ അതിന്റെ ഒത്തുതീർപ്പിനു ശ്രമിച്ച വ്യക്തിയെന്നു സംശയിക്കാവുന്നതരത്തിലാണ് ഷാജിനുനേരെയുള്ള പോലീസ് സമീപനം.

Content Highlights: kerala shaj kiran swapna suresh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..