കല്ലിലുംതല്ലിലും വീണ് സിൽവർ‌ലൈൻ, കൂടെ കുറെ ജീവിതങ്ങളും


കെ.ആർ. പ്രഹ്ലാദൻ

250 കേസാണ് നിലവിലുള്ളതെന്ന് സർക്കാർ കോടതിയിൽ കൊടുത്ത സത്യവാങ്മൂലം. പക്ഷേ, 11 ജില്ലകളിലായി ആയിരത്തിലേറെപ്പേർ പ്രതികളാണ്. പിഴയടക്കാൻ നോട്ടീസ് വന്നുകൊണ്ടിരിക്കുന്നതായി സമരസമിതി നേതാവ് എസ്. രാജീവൻ.

Photo: Mathrubhumi

കോട്ടയം: “പോലീസ് നടപടിയുടെ മാനസികാഘാതം ഇനിയും മാറിയിട്ടില്ല. രക്തസമ്മർദ രോഗിയായി മാറി. സംസാരിക്കുമ്പോൾ ഏങ്ങലുണ്ടാകുന്നു” - മാടപ്പള്ളിയിലെ വീട്ടമ്മ റോസ്‌ലിൻ സിൽവർലൈൻ വിരുദ്ധ സമരത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയ ദിനമായിരുന്നു മാർച്ച് 17. ബലംപ്രയോഗിച്ചും മഞ്ഞക്കല്ലിടും എന്ന സർക്കാരിന്റെ വാശി റോസ്‌‌ലിന്റെയും മറ്റനേകം സാധാരണക്കാരുടെയും ജീവിതത്തിൽ ഉണ്ടാക്കിയ പ്രയാസങ്ങൾക്ക് ഇപ്പോഴും അറുതിയില്ല.

പൊല്ലാപ്പായ കല്ല്
* അടുക്കളയിലും വീട്ടുമുറ്റത്തും കല്ലുമായി വരുന്ന വണ്ടികൾ ഉറക്കംകെടുത്തിയ നാളുകൾ. കല്ലിടൽ ഹൈക്കോടതിയുടെ ഇടപെടലും റെയിൽവേ ബോർഡിന്റെ നിലപാടുംകാരണം വേണ്ടെന്നുവെച്ചു. പദ്ധതി മരവിപ്പിച്ചെങ്കിലും വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമി ഒഴിയാത്ത തലവേദനതന്നെ. അതിന്റെ ഈടിൻമേൽ വായ്പകിട്ടണമെങ്കിൽ വിജ്ഞാപനം റദ്ദാകണം. അത് സർക്കാർ ഇനിയും ചെയ്തിട്ടില്ല. ഭൂമി വില്പനയ്ക്കും ഇത് തടസ്സമാകും.

* 19,738 കുറ്റികൾ വാങ്ങിയതിൽ 6744 എണ്ണം സ്ഥാപിച്ചു. സമരക്കാർ പിഴുതുമാറ്റിയതിന്റെ ബാക്കിയേ ഇനിയുള്ളൂ. കല്ല് പിഴുതുമാറ്റിയതിന് പൊതുമുതൽ നശിപ്പിച്ച വകുപ്പിൽ നിയമനടപടി നേരിടുകയാണ് ജനങ്ങൾ.

* 250 കേസാണ് നിലവിലുള്ളതെന്ന് സർക്കാർ കോടതിയിൽ കൊടുത്ത സത്യവാങ്മൂലം. പക്ഷേ, 11 ജില്ലകളിലായി ആയിരത്തിലേറെപ്പേർ പ്രതികളാണ്. പിഴയടക്കാൻ നോട്ടീസ് വന്നുകൊണ്ടിരിക്കുന്നതായി സമരസമിതി നേതാവ് എസ്. രാജീവൻ.

* 799 ദിവസമായി കോഴിക്കോട് കാട്ടിൽപീടികയിലും 250 ദിവസമായി ചങ്ങനാശേരി മാടപ്പള്ളിയിലും സമരം നടക്കുന്നു. പല സംഭവങ്ങളിലായി 300 പേർ കോഴിക്കോട്ട് പ്രതികളാണെന്ന് ജില്ലാ ചെയർമാൻ ടി.ടി. ഇസ്മയിൽ.

* കല്ലൊന്നിന്, സ്ഥാപിക്കൽ ചെലവടക്കം 5000 രൂപ വരെ വരുന്നു. 300 പേർക്കെങ്കിലും പൊതുമുതൽ നശിപ്പിച്ചതിനുള്ള കേസിൽ സമൻസ് വന്നു. അങ്കമാലിയിൽ മുൻകൂർജാമ്യം തേടിയ അഞ്ചുപേർ 25,000 രൂപ കെട്ടിവെച്ചു.

തിടുക്കവും ഒളിച്ചുകളിയും

* റെയിൽ പദ്ധതികൾക്ക് റെയിൽവേ ബോർഡിന്റെ അനുമതിവേണമെന്ന ചട്ടം പാലിക്കാതെ കല്ലിടാൻ ഒരുങ്ങി. ആദ്യം ഭൂമി സർവേയെന്ന് പറഞ്ഞു. കോടതി കുടഞ്ഞപ്പോൾ സാമൂഹികാഘാത പഠനമെന്നായി.

* സർവേ അടക്കമുള്ളവയുമായി പോകാൻ റെയിൽവേ സമ്മതിച്ച രേഖകൾ കെ-റെയിൽ പുറത്തുവിട്ടിരുന്നു. വിശദപദ്ധതി രേഖ പരിശോധിച്ച് സാമ്പത്തിക, സാങ്കേതിക സാധ്യതാറിപ്പോർട്ടും ആവശ്യപ്പെട്ടു. ഇത് നൽകിയിട്ടും കിട്ടിയില്ലെന്ന് റെയിൽവേ ബോർഡ് പറഞ്ഞു. കെ-റെയിലിനോട് പറഞ്ഞതല്ല, ബോർഡ് കോടതിയിൽ പറഞ്ഞത്.

സമരം 2019 മുതൽ

* കോട്ടയം മുളക്കുളത്ത് 2019 സെപ്റ്റംബർ 19-ന് സിൽവർലൈൻ വിരുദ്ധ സമരത്തിന് തുടക്കമിട്ടു. കാട്ടിൽപീടികയിൽ 2020 ഒക്ടോബർ രണ്ടിനും. ഇൗ കൂട്ടായ്മകളാണ് പിന്നീട് വളർന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയായത്.

* സമരസമിതിയുടെ 300 യൂണിറ്റുകളാണ് പ്രവർത്തിച്ചത്. ശരാശരി 30-40 വീടുകൾവെച്ച് പതിനായിരത്തോളം കുടുംബങ്ങൾ.

* തിരുവനന്തപുരം-ഏഴ്, കൊല്ലം-ഏഴ്, ആലപ്പുഴ-അഞ്ച്, കോട്ടയം-നാല്, എറണാകുളം-മൂന്ന്, തൃശ്ശൂർ-രണ്ട്, മലപ്പുറം-മൂന്ന്, കോഴിക്കോട്-മൂന്ന്, കണ്ണൂർ-ഒൻപത്, കാസർകോട്‌-രണ്ട് എന്നിങ്ങനെയാണ് വലിയ സമരങ്ങൾ നടന്ന ഇടങ്ങൾ.

ബൂട്ടിട്ട് ചവിട്ടി

* കണിയാപുരം കരിച്ചാറ, ചങ്ങനാശ്ശേരി മാടപ്പള്ളി എന്നിവിടങ്ങളിലെ പോലീസ് നടപടി വിവാദമായി. കരിച്ചാറയിൽ പള്ളിപ്പുറം സ്വദേശി ജോയിയെ പോലീസ് ബൂട്ടിട്ട് ചവിട്ടി. ഏറെനാൾ ഇദ്ദേഹം ചികിത്സയിലായിരുന്നു. മർദനമേറ്റ എസ്.കെ. സുജിക്കും ചികിത്സ വേണ്ടിവന്നു. മാടപ്പള്ളിയിൽ റോസ്‌ലിൻ കൈക്കും കാലിനും പരിക്കേറ്റ് ചികിത്സതേടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലും പോലീസ് ബലപ്രയോഗമുണ്ടായി.

* മുളക്കുഴയിൽ കൊഴുവല്ലൂരിൽ സമരത്തിൽ പങ്കെടുത്ത വീട്ടമ്മ സിന്ധു ജെയിംസിനെ ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തത് ചർച്ചയായി. ഇവരുടെ വീടിനുള്ളിലാണ് കല്ലിട്ടത്.

* കോഴിക്കോട് കല്ലായി, പന്നിയങ്കര എന്നിവിടങ്ങളിൽ പോലീസ് ലാത്തിച്ചാർജുണ്ടായി.

* മലപ്പുറത്ത് തിരുനാവായ, പരപ്പനങ്ങാടി എന്നിവിടങ്ങളിലും പോലീസ് ബലപ്രയോഗം നടത്തി.

പഞ്ചായത്ത് കുരുക്ക്

* കോട്ടയം പനച്ചിക്കാട് കൊല്ലാട് ആലപ്പുഴ വാർഡിൽ ജിമ്മി കൊച്ചുപുരയ്ക്കലിന്റെ വീടിന്റെ രണ്ടാംനില പണിക്ക് പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചു. വിജ്ഞാപനംചെയ്ത ഭൂമിയെന്ന് പറഞ്ഞാണിത്. സർക്കാർ സെക്രട്ടറിയെ സ്ഥലംമാറ്റി. ചിലയിടത്ത് ബാങ്ക് വായ്പ നിഷേധിച്ചതും വിഷയമായി.

ഭാര്യ സമരംചെയ്തു, ഭർത്താവിനെതിരേ നടപടി

* ആലപ്പുഴ ജില്ലയിൽ സമരത്തിൽ പങ്കെടുത്ത ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി വന്ന സർക്കാർ സർവീസിലെ കരാർ ജീവനക്കാരനായ ഭർത്താവിന് സസ്പെൻഷൻ കിട്ടി.

* ജനം പിഴുതുമാറ്റിയ കല്ലുകൾ മന്ത്രിയായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചത് മുളക്കുഴയിലാണ്. സജിക്കുവേണ്ടി അലൈൻമെന്റ് മാറ്റിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആരോപിച്ചത് വിവാദമായി.

Content Highlights: kerala silverline project

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..