സ്വപ്ന സുരേഷ് |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ
തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നാലെ നടക്കുന്ന ഓരോ സംഭവങ്ങളും ജില്ല തിരിച്ച് പരിശോധിക്കുകയാണ് ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. വിവിധ ജില്ലകളിലുള്ളവരാണ് അംഗങ്ങൾ. ഇവരോട് പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാനുള്ള നിർദേശം അന്വേഷണമേധാവി ഇതിനകം നൽകിയിട്ടുണ്ട്.
അന്വേഷണസംഘത്തിന്റെ ആദ്യയോഗം തിങ്കളാഴ്ച തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിലാകും ലഭ്യമായ വിവരങ്ങളും ഉയർന്നുവന്ന പരാതികളും വിലയിരുത്തി അന്വേഷണത്തിന് കർമപദ്ധതി തയ്യാറാക്കുക. പത്ത് ഡിവൈ.എസ്.പി.മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർക്ക് പത്ത് ദൗത്യങ്ങൾ നൽകി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നത്.
ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തിങ്കളാഴ്ചതന്നെ തയ്യാറാക്കും. സ്വപ്നാ സുരേഷ്, പി.സി. ജോർജ് എന്നിവരാണ് കെ.ടി. ജലീൽ നൽകിയ പരാതിയനുസരിച്ച് പ്രതികൾ. ഷാജ് കിരൺ-സ്വപ്ന സംഭാഷണം പുറത്തുവന്നത് ഉൾപ്പെടെ പരാതിക്കുശേഷവും ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയാമെന്നു പറയുന്ന സരിതയെയും ഷാജ് കിരണിനെയും സാക്ഷിയാക്കാമെന്ന ആലോചനയും അന്വേഷണസംഘത്തിനുണ്ട്.
അന്വേഷണം ശക്തമാക്കണമെന്നാണ് സർക്കാർ നൽകിയ നിർദേശം. കൂടുതൽ വെളിപ്പെടുത്തലുകൾ ഇല്ലാതാക്കുക, ആരോപണം ഉയർത്തുന്നവരെ ദുർബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. നേരത്തേ കേന്ദ്ര ഏജൻസികൾക്കു മുമ്പിലെത്തിക്കാത്ത എന്തെങ്കിലും പുതിയ തെളിവുകളുമായാണോ സ്വപ്ന എത്തുന്നതെന്ന് കണ്ടെത്താനുള്ള ശ്രമവും പ്രത്യേക അന്വേഷണ സംഘത്തിനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..