പ്രലോഭനം, വാഗ്‌ദാനം, ഭീഷണി... സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ


നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഓഫീസിൽ പത്രപ്രവർത്തകർക്കുമുന്നിൽ ശബ്ദരേഖ കേൾപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

പാലക്കാട്: പ്രലോഭനം, വാഗ്ദാനം, ഭീഷണി... എല്ലാമുണ്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വെള്ളിയാഴ്ച പുറത്തുവിട്ട ഓഡിയോക്ലിപ്പുകളിൽ. പാലക്കാട് ചന്ദ്രനഗറിലെ എച്ച്.ആർ.ഡി.എസ്. ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തുവിടുമെന്ന് പറഞ്ഞതുമുതൽ ജനം അതിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എച്ച്.ആർ.ഡി.എസിന്റെ ഓഫീസ് പരിസരത്തും ഏറെപ്പേരെത്തി.

ഉച്ചതിരിഞ്ഞ് 3.15-ഓടെ സ്വപ്ന മാധ്യമങ്ങൾക്കു മുന്നിലെത്തി. താൻ കോടതിക്കുമുന്നിൽ സ്വമേധയാ നൽകിയ മൊഴിയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾ പറഞ്ഞശേഷമാണ് ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടാമെന്ന് അറിയിച്ചത്. ഷാജ് കിരണിനെ എം. ശിവശങ്കർ വളരെമുമ്പുതന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

ഷാജ് കിരണിന്റെ സഹായംകിട്ടാനും വിശ്വാസംനേടാനും സരിത്തിനെയും എച്ച്.ആർ.ഡി.എസ്. അധികൃതരെയുംവരെ തനിക്ക് തള്ളിപ്പറയേണ്ടിവന്നെന്നും സ്വപ്ന പറഞ്ഞു. എച്ച്.ആർ.ഡി.എസ്. ആസ്ഥാനത്ത് നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്ന ചെറിയ സ്പീക്കറിൽ ഫോൺ ഘടിപ്പിച്ച് ശബ്ദരേഖ പുറത്തുവിടാൻ ശ്രമംനടത്തിയെങ്കിലും ഇതിന് വ്യക്തതകുറവായിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് ശബ്ദരേഖ നേരിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.

താൻ ഇടനിലക്കാരൻ മാത്രമാണെന്നും ‘ഒന്നാംനമ്പർ’ വളരെ ക്ഷോഭത്തിലാണെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി. ഷാജ് പറയുന്ന ‘ഒന്നാംനമ്പർ’ ആരാണെന്ന് ഷാജിനോടുതന്നെ ചോദിക്കണമെന്ന് ഒരുഘട്ടത്തിൽ പറഞ്ഞ സ്വപ്ന, ആവർത്തിച്ചുള്ള ചോദ്യത്തിനിടെ ‘ഒന്നാംനമ്പർ’ മുഖ്യമന്ത്രിയാണെന്നു വ്യക്തമാക്കുകയും ചെയ്തു.

ശബ്ദരേഖ മാധ്യമങ്ങൾ പൂർണമായി സംപ്രേഷണം നടത്തിക്കഴിഞ്ഞ് അഞ്ചുമണിയോടെ വീണ്ടും സ്വപ്ന മാധ്യമപ്രവർത്തകർക്കു മുന്നിലെത്തി. താൻ വീണ്ടും അറസ്റ്റിലാവുമെന്നു കരുതി തളർന്നിരുന്നസമയത്ത് കൂടുതൽ വിവരങ്ങൾ റെക്കോഡ് ചെയ്യാനായില്ലെന്ന് അവർ പറഞ്ഞു.

“ഷാജ് കിരണിന്റെ ഭാര്യയ്ക്കുവേണ്ടി മാനുഷികപരിഗണനയിൽ വാടകഗർഭം ധരിക്കാൻ ഞാൻ തയ്യാറായതാണ്. എനിക്ക് ഷാജ് കിരണിൽനിന്നുണ്ടായതിനു പുറമേ മറ്റു പലരിൽനിന്നും സമ്മർദങ്ങളുള്ള വിവരം കോടതിക്കും വക്കീലിനും അറിയാം. ഞാൻ പ്രതിതന്നെയാണ് എന്നതിൽ സംശയമില്ല. എന്റെ ജീവന്‌ ഭീഷണിയുള്ളതുകൊണ്ടാണ് 164-ാംവകുപ്പുപ്രകാരം മൊഴികൊടുത്തത്. എന്നെ ജീവിക്കാൻ അനുവദിക്കണം”- സ്വപ്ന പറഞ്ഞു.

Content Highlights: kerala swapna suresh audio clip

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..