മുൻകൂർ ജാമ്യഹർജിയിൽ നിറയെ ആരോപണങ്ങൾ; ജീവന്‌ ഭീഷണിയുണ്ടെന്ന് സ്വപ്ന


മൊഴി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ്. ഇന്ത്യയുടെ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

കൊച്ചി: സ്വപ്നനൽകിയ മുൻകൂർ ജാമ്യഹർജിയിൽ, കസ്റ്റംസിന് കൊടുത്ത മൊഴി പിൻവലിച്ചില്ലെങ്കിൽ ജീവന്‌ ഭീഷണിയുണ്ടെന്ന ആശങ്കമുതൽ മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണങ്ങൾവരെ. കെ.ടി. ജലീലിന്റെ പരാതിയെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ജാമ്യംകിട്ടാത്ത മറ്റുവകുപ്പുകളും ചുമത്തി ജയിലിലാക്കുമെന്ന ആശങ്കയുണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. എന്നാൽ, മുൻകൂർ ജാമ്യം കിട്ടുന്ന കേസുകൾ മാത്രം ചാർജ് ചെയ്തിട്ടുള്ളപ്പോൾ ഇത്തരത്തിലൊരു ജാമ്യഹർജി നൽകുന്നത് ഉന്നതസ്ഥാനത്തുള്ള വ്യക്തികളെ മോശക്കാരാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വാദിച്ചു.

ഉന്നതസ്ഥാനത്തുള്ളയാൾക്കെതിരേയാണ് മൊഴിനൽകിയിരിക്കുന്നതെന്നതിനാൽ പോലീസ് ദ്രോഹിക്കാനിടയുണ്ടെന്ന ആശങ്ക സ്വപ്നയുടെ അഭിഭാഷകൻ പങ്കുവെച്ചു. എന്നാൽ, ദ്രോഹിക്കുമെന്ന ഭയമുണ്ടെങ്കിൽ മുൻകൂർ ജാമ്യഹർജിയല്ല ഫയൽചെയ്യേണ്ടതെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഭാവിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് ജാമ്യഹർജി തള്ളിയത്.

മൊഴി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

കൊച്ചി: നയതന്ത്രചാനൽവഴി നടന്ന ദേശവിരുദ്ധമായ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുള്ളതായി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ മുഖ്യമന്ത്രിയുടെപേരിൽ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പാലക്കാട്ടെ ഒാഫീസിലെത്തിയ ഷാജ് കിരൺ എന്നയാൾ മുഖ്യമന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. മൊഴി മാറ്റിയില്ലെങ്കിൽ വെളിച്ചംകാണിക്കാത്തവിധം ഏറെനാൾ ജയിലിലടയ്ത്തും. കോടതിയിൽ രഹസ്യമൊഴി നൽകിയത് അഭിഭാഷകന്റെയും ആർ.എസ്.എസ്., ബി.ജെ.പി നേതാക്കളുടെയും പ്രേരണയിലാണെന്ന് വെളിപ്പെടുത്തണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഭീഷണിപ്പെടുത്തി -സ്വപ്ന മുൻകൂർ ജാമ്യഹർജിയിൽ വിശദീകരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി വളരെ അടുത്ത് പരിചയമുള്ളയാളാണ് ഷാജ് കിരൺ എന്ന് ശിവശങ്കർ മുമ്പ്‌ പരിചയപ്പെടുത്തിയിട്ടുണ്ട്. കെ.പി. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ‘ഗോസ്പൽ ഏഷ്യ’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. മുഖ്യമന്ത്രിയുടെയും പിണറായി വിജയന്റെയും വിദേശനിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഇയാളാണ്.

മുഖ്യമന്ത്രി പറഞ്ഞപ്രകാരമാണ് താൻ വന്നതെന്നും കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റിപ്പറയണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. മൊഴി തെറ്റാണെന്നുള്ള വിവരം റെക്കോഡുചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 വരെ ഇതിനായി സമയം അനുവദിച്ചു.

വ്യാഴാഴ്ച ഡി.ജി.പി.യോടൊപ്പം മുഖ്യമന്ത്രിയെ കാണുന്നുണ്ട്, അപ്പോൾ ഈ സന്ദേശം കൈമാറണം. അതുണ്ടായില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും എന്നും പറഞ്ഞു. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ റെക്കോഡ്‌ ചെയ്തിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും ജീവനുപോലും ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു.

മുമ്പും മൊഴിനൽകി; പക്ഷേ അന്വേഷിച്ചില്ലെന്ന് സ്വപ്ന

കൊച്ചി: മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നേരത്തേ രഹസ്യമൊഴി നൽകിയിട്ടും കസ്റ്റംസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയില്ലെന്ന് സ്വപ്ന ഹർജിയിൽ പറഞ്ഞു. യു.എ.ഇ. കോൺസുലേറ്റിന് പങ്കുള്ള ദേശവിരുദ്ധവും സമൂഹവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രിയും എം.എൽ.എ.യുമായ കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐ.എ.എസ്. ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ അടക്കമുള്ളവരും പങ്കാളികളാണെന്നതാണ് ഹർജിയിലും ആവർത്തിച്ചിരിക്കുന്നത്.

ജയിലിൽക്കിടന്ന സമയത്ത് മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ വിലയ സമ്മർദത്തിനിരയായി. ഈ സമ്മർദം ഏറിയപ്പോൾ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തത്തെപ്പറ്റി മജിസ്‌ട്രേറ്റ് കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴിനൽകി. എന്നാൽ, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ കസ്റ്റംസ് തയ്യാറായില്ല -സ്വപ്ന ആരോപിക്കുന്നു.

സംരക്ഷണംതേടി സ്വപ്ന; ഹർജി 13-ലേക്കു മാറ്റി

കൊച്ചി: സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി 13-ന് പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി. ജീവന്‌ ഭീഷണിയുണ്ടെന്നു കാണിച്ചാണ് ഹർജി.

Content Highlights: kerala swapna suresh gold smuggling case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..