Screengrab: Mathrubhumi News
കോഴഞ്ചേരി: ഷാപ്പുകളിലെ കള്ളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ എക്സൈസ് വകുപ്പ്. ജിയോ മാപ്പിങ്ങും ഡിജിറ്റൽ സംവിധാനങ്ങളും ചേർത്ത് കള്ളുകച്ചവടം ശുദ്ധമാക്കാനാണ് വകുപ്പ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ടോഡി ബോർഡ് രൂപവത്കരിക്കും. സർക്കാർ പ്രതിനിധിയായി ചെയർമാനെയും നിയമിക്കും.
കള്ള് ചെത്തിയിറക്കുന്നതുമുതൽ ഷാപ്പുകളിലെത്തിക്കുന്നതുവരെയുള്ള ഇടങ്ങളിലെ ക്രമക്കേട് തടയും. ബജറ്റിൽ വകയിരുത്തിയ 50 ലക്ഷം രൂപ ഇതിന് വിനിയോഗിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഓഫ് കേരളയാണ് പുതിയ സംവിധാനത്തിനായി എക്സൈസ് വകുപ്പിനെ സഹായിക്കുന്നത്.
പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ വിൽക്കുന്ന പാലക്കാട് ചിറ്റൂർ കള്ളിനെയാണ് പുതിയ ശുദ്ധിക്രിയയ്ക്കായി എക്സൈസ് വകുപ്പ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ തുടക്കമെന്ന നിലയിൽ, ചെത്താൻ തിരഞ്ഞെടുക്കുന്ന തെങ്ങുകളുടെ ജിയോ മാപ്പ് തയ്യാറാക്കും. ചെത്തുന്ന തെങ്ങുകളുടെ എണ്ണം, ലഭിക്കുന്ന കള്ളിന്റെ അളവ്, കള്ളുഷാപ്പുകളിൽ എത്തുന്നതുവരെയുള്ള വിവരങ്ങൾ എന്നിവ മൊബൈൽ ആപ്പ് വഴി ’ട്രാക്ക് ആൻഡ് ട്രേസ് ’ നിരീക്ഷണ സംവിധാനവുമായി യോജിപ്പിക്കും. തെങ്ങിൻതോപ്പുകളിൽനിന്ന് ഷാപ്പുകളിലേക്ക് പോകുന്ന കള്ള് വണ്ടികൾക്ക് വഴി തെറ്റുന്നുണ്ടോ, മായം ചേർക്കുന്നുണ്ടോയെന്നും ഈ ആപ്പിന് കണ്ടെത്താൻ കഴിയും.
പാലക്കാട്ട് 1,80,010 തെങ്ങുകളിൽനിന്ന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ കള്ള് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. ഇത് കൃത്യമാകുന്നുണ്ടോയെന്നും ഈ ആപ്പിലൂടെ പരിശോധിക്കാൻ കഴിയും. ചെത്താനുള്ള തെങ്ങുകൾ പുതിയ സംവിധാനത്തിലൂടെ ഇനി ഡിജിറ്റലായേ അനുവദിക്കൂ. അടുത്തവർഷം മുതൽ ഷാപ്പുകളുടെ വിൽപന ഓൺലൈൻ ആക്കാനും തീരുമാനമായിട്ടുണ്ട്. പെർമിറ്റ് പുതുക്കൽ ഇത്തവണ മുതൽ ഓൺലൈനാണ്.
പത്തനംതിട്ട ജില്ലയിൽ ഏഴ് റേഞ്ചുകളിലായി 117 ഷാപ്പുകളായിരുന്നു ഉണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡപ്രകാരം അത് കഴിഞ്ഞവർഷം 51 ആയി കുറഞ്ഞു. നിലവിൽ 47 ഷാപ്പുകളാണ് പ്രവർത്തിക്കുന്നത്. ശുചിമുറി ഉൾപ്പെടെയുള്ളവയ്ക്ക് ഹരിതചട്ടവും ശുചിത്വവും പ്രത്യേക മാനദണ്ഡമാക്കിയപ്പോഴാണ് ഷാപ്പുകളുടെ എണ്ണം കുറഞ്ഞത്. ലൈസൻസികൾക്കുപകരം തൊഴിലാളി സമിതികളാണ് ഇപ്പോൾ ഷാപ്പ് നടത്തിപ്പിൽ മുൻപന്തിയിലുള്ളതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. വേണുഗോപാലകുറുപ്പ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..