ഭക്ഷ്യസുരക്ഷാസൂചിക: കേരളം ഒന്നാമത്


2 min read
Read later
Print
Share

പഞ്ചാബിനാണ് (57.5) രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം തമിഴ്‌നാടിനും (56.5). ചരിത്രത്തിലാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്.

പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡൽഹി/തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാസൂചികയിൽ കേരളത്തിന് ദേശീയതലത്തിൽ ഒന്നാംസ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സൂചിക തയ്യാറാക്കിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിന് (63 പോയന്റ്) ഒന്നാംസ്ഥാനം ലഭിച്ചത്.

പഞ്ചാബിനാണ് (57.5) രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം തമിഴ്‌നാടിനും (56.5). ചരിത്രത്തിലാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. ദേശീയതലത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നാല്പതോളം പ്രവർത്തനമികവുകൾ വിലയിരുത്തിയാണ് കേരളത്തെ ഒന്നാമതായി തിരഞ്ഞെടുത്തത്. കഴിഞ്ഞവർഷം ആറാംസ്ഥാനത്തായിരുന്നു കേരളം. ചെറുസംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവ (51), മണിപ്പുർ (40), സിക്കിം (39.5) എന്നിവയാണ് മുന്നിൽ.

സംസ്ഥാനസർക്കാരിന്റെ ‘ഭക്ഷ്യസുരക്ഷ ഗ്രാമപ്പഞ്ചായത്ത്’ പദ്ധതി 140 പഞ്ചായത്തുകളിലും ‘സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ’ എന്ന പദ്ധതി അഞ്ഞൂറോളം സ്കൂളുകളിലും നടപ്പാക്കിയതും പൊതുജനങ്ങൾക്കായി മൂവായിരത്തോളം ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസുകൾ നടത്തിയതുമാണ് കേരളത്തിനു നേട്ടമായത്.

സൂചികയിൽ ഒന്നാമതെത്തിയതിനുള്ള ട്രോഫിയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയിൽനിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.

'ഈറ്റ് റൈറ്റ് കേരള'യുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകള്‍ എവിടെയൊക്കെയെന്ന് ഇനി മൊബൈല്‍ ആപ്പില്‍ അറിയാം. 'ഈറ്റ് റൈറ്റ് കേരള' എന്നാണ് ആപ്പിന്റെ പേര്. നിലവില്‍ 1700 ഹോട്ടലുകളാണ് ആപ്പിലുള്ളത്. കൂടുതല്‍ ഹോട്ടലുകളെ വരുംദിവസങ്ങളില്‍ ഉള്‍പ്പെടുത്തും.

ആപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ ഭക്ഷ്യവകുപ്പിന്റെ ഓഡിറ്റര്‍മാര്‍ പരിശോധന നടത്തും. ഇതുപ്രകാരമാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുക. നിലവില്‍ പട്ടികയിലുള്ള ഭക്ഷണശാലകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടവയാണ്.

ബേക്കറികള്‍, ഇറച്ചിക്കടകള്‍ തുടങ്ങിയവയെയും ആപ്പില്‍ ഉള്‍പ്പെടുത്തും. ഇതിനായി സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നേടണം. അംഗീകൃത ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ഭക്ഷ്യവകുപ്പ് നിര്‍ദേശിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കണം.

അന്‍പതില്‍ കൂടുതല്‍ ചോദ്യങ്ങളാണ് റേറ്റിങ് നല്‍കാനായി തയ്യാറാക്കിയിട്ടുള്ളത്. എംപാനല്‍ ഏജന്‍സികള്‍ നടത്തുന്ന പരിശോധനയില്‍ 81 മുതല്‍ 100 വരെ പോയന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച റേറ്റിങ് കിട്ടും. 61 മുതല്‍ 80 വരെ വളരെ മികച്ചത്, 41 മുതല്‍ 60 വരെ മികച്ചത് എന്നിങ്ങനെയാണ് റേറ്റിങ്.

ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായാണ് കേരളത്തിലും ആപ്പ് പുറത്തിറക്കിയത്. പരാതികള്‍ പരിഹരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. മന്ത്രി വീണാ ജോര്‍ജാണ് ആപ്പ് ഉദ്ഘാടനംചെയ്തത്.

Content Highlights: Kerala tops national food safety index

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..