കേരള വി.സി. നിയമനം; സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയുണ്ടാക്കി


-

തിരുവനന്തപുരം : സർവകലാശാലാ വൈസ് ചാൻസലർ നിയമനകാര്യത്തിൽ ഗവർണറും സർക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്. ഇത്തവണ കേരളസർവകലാശാലാ വി.സി. നിയമനത്തിലാണ് കൊമ്പുകോർക്കുന്നത്.

വി.സി. നിയമനത്തിൽ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കുന്നതിനുമുമ്പേ ചാൻസലറുടെയും യു.ജി.സി.യുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വി.സി. നിർണയസമിതിക്ക് ഗവർണർ രൂപംനൽകി. കേരള സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് സമിതിയെ നിയമിച്ച് രാജ്ഭവൻ വിജ്ഞാപനം പുറത്തിറക്കിയത്.

യഥാർഥത്തിൽ കേരള സർവകലാശാലയുടെ പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഈ വിവരം ഗവർണറെ അറിയിച്ചിരുന്നില്ല. പകരം സെനറ്റ് തിരഞ്ഞെടുത്ത ഡോ. രാമചന്ദ്രന് സമിതിയംഗമായി പ്രവർത്തിക്കാൻ അസൗകര്യമുണ്ടെന്ന് കാണിച്ചുള്ള ഒരു കത്ത് വെള്ളിയാഴ്ച സർവകലാശാല ഗവർണർക്ക് നൽകി. പുതിയ അംഗത്തെ തിരഞ്ഞെടുക്കാൻ സ്വാഭാവികമായും രണ്ടുമൂന്ന് ആഴ്ചയെടുക്കാം. ഈ സമയത്തിനുള്ളിൽ വി.സി. നിയമനത്തിലുള്ള ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

സമിതിയിലേക്കുള്ള ചാൻസലറുടെ പ്രതിനിധിയെ സർക്കാർ നിശ്ചയിക്കുമെന്നും മൂന്നംഗസമിതി ഭൂരിപക്ഷാഭിപ്രായ പ്രകാരം നൽകുന്ന പേര് ഗവർണർ അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് അണിയറയിൽ ഒരുങ്ങുന്ന ഓർഡിനൻസ്. ഗവർണറും സർക്കാരും രമ്യമായി പോകുന്ന കാലയളവിൽ ചാൻസലറുടെ പ്രതിനിധിയെ സർക്കാരാണ് സാധാരണ നിശ്ചയിക്കുക.

സർവകലാശാലാ നിയമ ഭേദഗതിക്കായി നിയോഗിച്ച ഡോ. എൻ. ജയകുമാർ കമ്മിഷൻ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ശുപാർശ സർക്കാരിന് നൽകിയിരുന്നു. ഓർഡിനൻസ് ഇറക്കുന്നതിനുള്ള ഫയൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്ന് നിയമവകുപ്പിൽ എത്തിയിട്ടുണ്ട്. ഇതുവരും മുന്പ് വി.സി.നിർണയസമിതിയുമായി ഗവർണർ മുന്നിലെത്തിക്കഴിഞ്ഞു.

കോഴിക്കോട് ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് സമിതിയിലുള്ള ഗവർണറുടെ പ്രതിനിധി. യു.ജി.സി.യുടെ പ്രതിനിധി കർണാടക കേന്ദ്ര സർവകലാശാലാ വി.സി. പ്രൊഫ. ബട്ടു സത്യനാരായണയും. ദേബാശിഷ് ചാറ്റർജിയാണ് സമിതിയുടെ കൺവീനർ. ഇനി കേരള സർവകലാശാലാ പ്രതിനിധി സമിതിയിൽ ഉൾപ്പെട്ടാലും സർക്കാർ താത്പര്യത്തിനായിരിക്കില്ല മേൽക്കൈ ലഭിക്കുക.

നേരത്തേ കണ്ണൂർ, സംസ്കൃത സർവകലാശാലാ വി.സി. നിയമനത്തിലും രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്ന കാര്യത്തിലും ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..