തളർന്നുകിടക്കുന്ന കുഞ്ഞാറുവിനെ കാർത്തു ആശ്വസിപ്പിക്കുന്നു
കിഴക്കമ്പലം: ‘‘കൊല്ലുമെന്നു പറഞ്ഞ് മകനെ ഭീഷണിപ്പെടുത്തിയിരുന്നു. കൺമുന്നിൽ വെച്ച് അവനെ മർദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും മർദനം തുടർന്നു. നിന്റെ അച്ഛനെ ഓർത്താണ് കൊല്ലാതെ വിടുന്നതെന്നായിരുന്നു അവർ പറഞ്ഞത്...’’ -കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിന്റെ വാക്കുകളാണിത്. മകന്റെ കാര്യങ്ങൾ പറയുമ്പോൾ ആ ശബ്ദം ഇടറി, ഒടുവിൽ നെഞ്ചുതല്ലി കരഞ്ഞു.
‘‘കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദനം. പിന്നിൽ നിന്നാണ് അടിയേറ്റത്. കൊന്നുകളയുമെന്നാണ് അവർ പറഞ്ഞ്, അതേപോലെ സംഭവിച്ചു. ആശുപത്രിയിൽ ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിയുണ്ടായിരുന്നു. കൊല്ലുമെന്ന ഭയം കൊണ്ടാണ് മകനെ ശനിയാഴ്ച ആശുപത്രിയിൽ വിടാതിരുന്നത്’’ -കുഞ്ഞാറു പറഞ്ഞു.
ഹൃദ്രോഗിയായ കുഞ്ഞാറുവിനെ കൂടുതൽ സംസാരിക്കരുതെന്ന് ഓർമപ്പെടുത്താനും ആശ്വസിപ്പിക്കാനും ഭാര്യ കാർത്തു ശ്രമിക്കുന്നുണ്ട്. പലപ്പോഴും രണ്ടാളും നിയന്ത്രണംവിട്ട് അലമുറയിട്ട് കരയും. അവരെ ആശ്വസിപ്പിക്കാൻ വീട്ടിലെക്ക് ബന്ധുക്കളും സുഹൃത്തുക്കളും വരുന്നുണ്ട്.
ട്വന്റി-20 ദീപുവിന്റെ കുടുംബത്തെ ഏറ്റെടുത്തു
കിഴക്കമ്പലം: സി.പി.എം. ആക്രമണത്തെ തുടർന്ന് മരിച്ച ട്വന്റി-20 പ്രവർത്തകൻ സി.കെ. ദീപുവിന്റെ കുടുംബത്തെ ട്വന്റി-20 ഏറ്റെടുത്തതായി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു. ദീപുവിന്റെ വീട്ടിലെത്തിയ സാബു എം. ജേക്കബ് ദിപുവിന്റെ അച്ഛൻ കുഞ്ഞാറു, അമ്മ കാർത്തു എന്നിവരെ ആശ്വസിപ്പിച്ചു.
‘‘ദീപുവിനായി പിരിവുനടത്താനും മണ്ഡപം നിർമിക്കാനും ഞങ്ങളില്ല. എന്നാൽ, ആ കുടുംബത്തിന് സർവ സഹായങ്ങളും നൽകും. കുടുംബാംഗങ്ങൾക്ക് ജീവിതകാലം മുഴുവൻ ആവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം മറ്റു ചെലവുകൾ എല്ലാം ട്വന്റി-20 വഹിക്കും’’ -സാബു എം. ജേക്കബ് പറഞ്ഞു.
ദളിത് സംഘടനകൾ പ്രകടനം നടത്തി
കിഴക്കമ്പലം: സി.കെ. ദീപുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ദളിതരെ നീതിപീഠങ്ങൾ സംരക്ഷിക്കുക, സംഭവത്തിൽ എസ്.സി-എസ്.ടി. കമ്മിഷൻ ഇടപെടുക തുടങ്ങിയവയും ഉന്നയിച്ചു.
പാറപ്പുറം കോളനിയിൽ നിന്നാരംഭിച്ച പ്രകടനം കാവുങ്ങപ്പറമ്പ്, തൈക്കാവ് എന്നീ പ്രദേശങ്ങളിൽക്കൂടിയാണ് നടത്തിയത്. മുന്നൂറോളം പേർ പങ്കെടുത്തു.
ടി.കെ. കുഞ്ഞ്, പി.എ. കൃഷ്ണൻകുട്ടി, മുരളി സി.കെ, നിഷ രവി, സരിത വേലായുധൻ, സുനിത വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: kizhakkambalam deepu death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..