കെ.എം. ഷാജഹാൻ | Photo: Mathrubhumi
കൊച്ചി: ഹൈക്കോടതി ജഡ്‌ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നുള്ള
ക്രിമിനൽ കോടതിയലക്ഷ്യ ഹർജിയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാൻ നൽകിയ സത്യവാങ്‌മൂലം നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി യു ട്യൂബ് ചാനലിലൂടെ ആരോപണം തിരുത്തണമെന്നും നിർദേശിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദേശം.
യു ട്യൂബ് ചാനലിലൂടെ ജഡ്‌ജിക്കെതിരേ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നൽകണമെന്നും ഷാജഹാൻ സത്യവാങ്മൂലത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇതിനെ തുടർന്ന് നിരുപാധികം മാപ്പ് അപേക്ഷിച്ച് മറ്റൊരു സത്യവാങ്‌മൂലം നൽകാമെന്ന് ഷാജഹാൻ കോടതിയെ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം മതിയാവില്ലെന്നും യു ട്യൂബ് ചാനലിലൂടെ മാപ്പുപറഞ്ഞ് അതിന്റെ പകർപ്പ് ഹാജരാക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.
ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ ഷാജഹാനെതിരേ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഷാജഹാൻ ഹാജരാകാതിരുന്നതും കോടതിയുടെ അതൃപ്തിക്കിടയാക്കി.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻ തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ യു ട്യൂബ് ചാനലിൽ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിലവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് ഷാജഹാൻ.
Content Highlights: Shah Jahan should correct the allegation through YouTube channel-High Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..