പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പേട്ട- എസ്.എൻ. ജങ്ഷൻ റൂട്ടിൽ മെട്രോ ട്രയൽ റൺ നടത്തുന്നു. എസ്.എൻ. മെട്രോ സ്‌റ്റേഷനിൽനിന്നുള്ള ദൃശ്യം.
കൊച്ചി: പുതിയ പാതയിലൂടെയുള്ള മെട്രോ സർവീസിന് വ്യാഴാഴ്ച തുടക്കമാകും. പേട്ട മുതൽ എസ്.എൻ. ജങ്‌ഷൻ വരെയുള്ള റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഇതിലൂടെയുള്ള യാത്രാ സർവീസിനും തുടക്കമാകും.
ഉദ്‌ഘാടന ശേഷം ഉടൻതന്നെ യാത്രാ സർവീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ഈ റൂട്ടിൽ സുരക്ഷാ പരിശോധന ഉൾപ്പെടെയുള്ളവയെല്ലാം പൂർത്തിയായിരുന്നു. യാത്രാ സർവീസിന് ആവശ്യമായ അനുമതിയും ലഭിച്ചിട്ടുണ്ട്.
പേട്ടയിൽനിന്ന് എസ്.എൻ. ജങ്‌ഷൻ വരെ 1.8 കിലോമീറ്ററാണുള്ളത്. രണ്ട് സ്റ്റേഷനുകളിലേക്കു കൂടി മെട്രോ ട്രെയിൻ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22-ൽനിന്ന് 24 ആകും.
ആലുവ - എസ്.എൻ. ജങ്‌ഷൻ 60 രൂപ
ആലുവ മുതൽ പേട്ട വരെയുള്ള ടിക്കറ്റ് നിരക്കായ 60 രൂപ തന്നെയാണ് എസ്.എൻ. ജങ്‌ഷൻ വരെയുള്ള യാത്രയ്ക്കും ഈടാക്കുക. പേട്ട മുതൽ എസ്.എൻ. ജങ്‌ഷൻ വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്.
കെ.എം.ആർ.എല്ലിന്റെ ആദ്യ നിർമാണം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ. എൽ.) നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ. ജങ്‌ഷൻ വരെയുള്ളത്. ആലുവ മുതൽ പേട്ട വരെയുള്ള റൂട്ടിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം. ആർ.സി.) നേതൃത്വത്തിൽ ആയിരുന്നു നിർമാണം.
2019 ഒക്ടോബർ 16-നാണ് ഈ പാത നിർമാണം ആരംഭിച്ചത്. കോവിഡും തുടർന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആർ.എൽ. നിർമാണം പൂർത്തിയാക്കി. 453 കോടി രൂപയാണ് മൊത്തം ചെലവ്. സ്റ്റേഷൻ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു.
ചരിത്രവും ആയുർവേദവും
ചരിത്ര മുഹൂർത്തങ്ങളാണ് വടക്കേകോട്ട മെട്രോ സ്റ്റേഷനെ അലങ്കരിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രവും കേരളത്തിന്റെ പങ്കുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എം.ആർ.എൽ. അധികൃതർ പറഞ്ഞു.
കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് എസ്.എൻ. ജങ്‌ഷൻ സ്റ്റേഷൻ സൗന്ദര്യവത്കരിച്ചിരിക്കുന്നത്.
ഇനി തൃപ്പൂണിത്തുറയിലേക്ക്
എസ്.എൻ. ജങ്‌ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പാതയുടെയും സ്റ്റേഷന്റെയും നിർമാണം പുരോഗമിക്കുകയാണ്. തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള അടുത്തഘട്ടം 2023 ജൂണിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എം.ആർ.എൽ. വ്യക്തമാക്കിയിരുന്നു. 1.20 കിലോമീറ്ററാണ് ഈ പാതയുള്ളത്.
Content Highlights: kochi metro petta sn junction route inauguration today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..